പ്രളയ സെസ് ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: ജൂണ്‍ ഒന്നു മുതല്‍ ഒരു ശതമാനം
പ്രളയസെസ് പിരിക്കാന്‍ വിജ്ഞാപനമിറങ്ങി. ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും സെസ് ബാധകമാണ്. സ്വര്‍ണാഭരണങ്ങള്‍ക്ക് കാല്‍ ശതമാനമാണ് സെസ്.

രണ്ട് വര്‍ഷം കൊണ്ട് 1000 കോടി പിരിച്ച് പ്രളയബാധിത ഗ്രാമങ്ങളുടെ അടിസ്ഥാനസൗകര്യവികസനം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ സെസ് ഏര്‍പ്പെടുത്തിയത്. പ്രളയസെസുമായി ബന്ധപ്പെട്ട ഫയലില്‍ മുഖ്യമന്ത്രി കഴിഞ്ഞയാഴ്ച ഒപ്പുവച്ചിരുന്നു. രണ്ട് വര്‍ഷത്തേക്ക് അടിസ്ഥാനവിലയുടെ രണ്ട് ശതമാനം സെസ് പിരിക്കാനാണ് നീക്കം.

ഉത്പന്നങ്ങളുടെ അഞ്ച് ശതമാനത്തിന് മുകളിലേക്കുളള നികുതി സ്ലാബുകളിലായിരിക്കും സെസ്. സിനിമാ ടിക്കറ്റ്, റെയില്‍വേ അടക്കമുളള സേവനങ്ങള്‍ക്ക് ഈ സ്ലാബ് ബാധകമല്ല. ചെറുകിട വ്യാപാരികള്‍ വിറ്റഴിക്കുന്ന സാധനങ്ങളെ പ്രളയസെസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാര്‍ഷിക വിറ്റുവരവ് ഒന്നരക്കോടി വരെയുളളവര്‍ക്കാണ് പ്രളയസെസ് ഒഴിവാക്കിയിട്ടുളളത്. സംസ്ഥാനത്തിനകത്ത് നടക്കുന്ന ഇടപാടുകള്‍ക്കാകും പ്രളയ സെസ് ഏര്‍പ്പെടുത്തുക. 

സംസ്ഥാനത്തെ പ്രളയാനന്തര പുനര്‍ നിര്‍മ്മാണത്തിനായി പണം കണ്ടെത്താനാണ് പ്രളയ സെസ് ഏര്‍പ്പെടുത്തുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുത്താനാണ് നീക്കമുണ്ടായിരുന്നതെങ്കിലും തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ വൈകിപ്പിക്കുകയായിരുന്നു.

prp

Leave a Reply

*