കോവിഡിന്റെ മൂന്നാം ഘട്ടം കൂടുതല്‍ അപകടകരം, മരണം ഒഴിവാക്കുക മുഖ്യലക്ഷ്യം: ആരോഗ്യ മന്ത്രി


തിരുവനന്തപുരം: കോവിഡ് മരണം ഒഴിവാക്കുക എന്നതാണ് കേരളത്തിന്റെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. കേരളം ഇതിനായി ഒറ്റക്കെട്ടായി പോരാടണം. ജനങ്ങള്‍ കൂട്ടത്തോടെ മരിച്ചോട്ടെ എന്നു കരുതാന്‍ സര്‍ക്കാരിന് ആവില്ലെന്നും മന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടം കൂടുതല്‍ അപകടകരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. രോഗികള്‍ കൂടിയാല്‍ ഇപ്പോഴുളള ശ്രദ്ധ ചികിത്സയില്‍ നല്‍കാനാവില്ല. സര്‍ക്കാരിന്റെ പ്രതിരോധ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.

പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ താമസിക്കുന്ന മലയാളികളും കേരളത്തിന്റെ മക്കളാണ്. അവര്‍ കേരളത്തിലേക്ക് വരണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പക്ഷേ എല്ലാവരും കൂടി വന്നാല്‍ അവര്‍ക്കും നമുക്കും ബുദ്ധിമുട്ടുണ്ടാകും. അതിനാല്‍ കേരളത്തിനു പുറത്തുളളവരില്‍ അത്യാവശ്യക്കാര്‍ മാത്രമാണ് മടങ്ങി വരേണ്ടതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

വയനാട്ടില്‍ രോഗബാധിതര്‍ കൂടാമെന്ന് മുന്നറിയിപ്പ്; അതീവ ജാഗ്രത

ഇതര സംസ്ഥാനത്തുനിന്നുളളവരും പ്രവാസികളും കേരളത്തില്‍ തിരിച്ചെത്തിയതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഇന്നലെ മാത്രം 16 പേര്‍ക്കാണ് കേരളത്തില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. വയനാട് ജില്ലയില്‍ അഞ്ച് പേര്‍ക്കും മലപ്പുറം ജില്ലയില്‍ നാല് പേര്‍ക്കും വൈറസ് സ്ഥിരീകരിച്ചപ്പോള്‍ ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതമാണ് രോഗം. കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. തമിഴ്നാട്ടില്‍ നിന്നെത്തിയ നാല് പേര്‍ക്കും മുംബൈയില്‍ നിന്നുള്ള രണ്ട് പേര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചു. മൂന്ന് പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.

അതേസമയം, മൂന്നാംഘട്ട ലോക്ക്ഡൗണ്‍ നാളെ അവസാനിക്കാനിരിക്കെ രാജ്യമൊട്ടാകെയുളള ലോക്ക്ഡൗണ്‍ കൂടുതല്‍ ഇളവുകളോടെ രണ്ടാഴ്ച കൂടി നീട്ടിയേക്കുമെന്നാണ് സൂചന. പൊതുഗതാഗം അനുവദിക്കുന്നതോടൊപ്പം റസ്റ്ററന്റുകളും മാളുകളും തുറക്കുന്നതിനും അനുമതി നല്‍കിയേക്കും. ഓട്ടോറിക്ഷകളിലും ടാക്‌സികളിലും രണ്ടുപേര്‍ക്കുമാത്രം യാത്രചെയ്യാനുള്ള അനുമതിയും നല്‍കാന്‍ സാധ്യതയുണ്ട്..

prp

Leave a Reply

*