ഇവിടെ, മലയാളത്തില്‍ ഒരു ഹോളിവുഡ് സിനിമ?

മലയാളത്തില്‍ ഒരു ഹോളിവുഡ് സിനിമ. ശ്യാമപ്രസാദിന്റെ ‘ഇവിടെ’ എന്ന സിനിമയെപ്പറ്റി അതാണ് ഏതൊരു പ്രേക്ഷകന്റെയും മനസ്സില്‍ ആദ്യം ജനിക്കുന്ന അഭിപ്രായം. എറിക്‌സ്

ഡിക്‌സന്റെ മഹിമയാര്‍ന്ന ചിത്രീകരണവും മനോജിന്റെ മനസ്സറിഞ്ഞുള്ള എഡിറ്റിംഗും ഈ സിനിമയെ അത്ര കണ്ടു സമ്പന്നമാക്കിയിട്ടുണ്ട് . പൂര്‍ണ്ണമായും അറ്റ്‌ലാ ന്റായില്‍ ചിത്രീകരിച്ച ഈ സിനിമയില്‍ അറ്റ്‌ലാന്റായുടെ രാക്ഷസ ഭാവങ്ങളും ഒപ്പം ശാലീനസൗകുമാര്യങ്ങളും ആരെയും കൊതിപ്പിക്കുന്ന കാഴ്ചയാണ് ചിത്രത്തില്‍. ശ്യാമപ്രസാദിന്റെ മുന്‍ ചിത്രങ്ങളില്‍നിന്നും തികച്ചും വിഭിന്നം. ഉജ്വലമായ പ്രൊഡക്ഷന്‍.

പക്ഷേ അതുമാത്രം മതിയോ പ്രേക്ഷകന്?. അല്ലെങ്കില്‍ സാങ്കേതിക മികവു മാത്രമാണോ ഒരു സിനിമയുടെ ജീവന്‍?. ‘ഇവിടെ’കണ്ടിറങ്ങുന്ന പ്രേക്ഷകനെ അസ്വസ്ഥതപ്പെടുത്തുന്ന രണ്ടു ചോദ്യങ്ങളാണിത്.
പൃഥ്വിരാജിന്റെയും നിവിന്‍ പോളിയുടെയും, മലയാളിപ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് വേണമെങ്കില്‍ പറയാവുന്ന അഭിനയം. അഭിനയമെന്നല്ല, ക്യാമറയ്ക്കു മുന്നിലാണ് അവരെന്ന് ഒരു നിമിഷം പോലും പ്രേക്ഷകരെക്കൊണ്ട് ചിന്തിപ്പിക്കാതെയുള്ള പെര്‍ഫോര്‍മെന്‍സ്. അജയന്‍ വേണുഗോപാലിന്റെ തിരക്കഥയില്‍ സൃഷ്ടിച്ച കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളുമാണ് തീര്‍ച്ചയായും ഇതിനു കാരണം.

ivide 2
കോര്‍പറേറ്റ് മേഖലയിലെ, പ്രത്യേകിച്ച് ഐ.ടി. മേഖലയിലെ തൊഴില്‍ പ്രശ്‌നങ്ങളും കിടമത്സരങ്ങളും അതു സൃഷ്ടിക്കുന്ന ആത്മസം ഘര്‍ഷങ്ങളുമാണ് സിനിമയുടെ മുഖ്യ പ്രമേയം. ക്രൈമിന്റെ അതിപ്രസരമില്ലാതെ ക്രൈമിന്റെ ശരിയായ ഫീലിംഗ് കാണികള്‍ക്ക് നന്നായി അനുഭവവേദ്യമാകുന്ന വിധത്തിലാണ് കഥാഗതിയെന്ന് ഇതിന്റെ ശില്പികള്‍ വിചാരിക്കുന്നുണ്ടെങ്കില്‍ പക്ഷേ, ആ കഥാഗതിക്കൊപ്പം പ്രേക്ഷകര്‍ക്കു സഞ്ചരിക്കാന്‍ കഴിയുന്നില്ലെന്നത് ഈ സിനിമയുടെ ഒരു വീഴ്ച തന്നെയാണ്. ആദ്യ പകുതി വരെ സസ്‌പെന്‍സിനുവേണ്ടി, അല്ലെങ്കില്‍ സസ്‌പെന്‍സ് ഇനി വരാന്‍ പോകുന്നുവെന്ന് തോന്നിപ്പിക്കാനായി, സൃഷ്ടിച്ച ചില സംഭവങ്ങള്‍ പ്രേക്ഷകര്‍ക്ക് അത്ര കണ്ട് ഏശിയോ എന്നു സംശയം. പക്ഷേ രണ്ടാം പകുതിയില്‍ യഥാര്‍ത്ഥ സസ്‌പെന്‍സും അതിലൂന്നിയ സംഭവങ്ങളും സിനിമയെ ടോപ് ഗിയറില്‍ ഓടിക്കുന്നുണ്ട്.
പൃഥ്വിരാജിന്റെ വരുണ്‍ ബ്‌ളേക് എന്ന പൊലീസ് ഓഫീസറും വിവാഹമോചനത്തിന്റെ പടിക്കലെത്തിനില്ക്കുന്ന ഭാര്യ റോഷ്‌നിയും (ഭാവന) മകളും ഒരു വശത്ത്. ഒരു നമ്പൂതിരി കുടുംബത്തില്‍ നിന്നും അറ്റ്‌ലാന്റായിലെ ഒരു ഐ.ടി. കമ്പനിയുടെ മേധാവിയായി ജോലിചെയ്യുന്ന കൃഷ് ഹെബ്ബറും (നിവിന്‍ പോളി) സഹപ്രവര്‍ത്തകരും മറുവശത്ത്. റോഷ്‌നി, ഇന്‍ഫോടെക് എന്ന ഈ ഐ.ടി. കമ്പനിയില്‍ ജോലിക്കെത്തുകയും കൃഷുമായി (കൃഷ്ണ)യുമായി അടുപ്പത്തിലാവുകയും ചെയ്യുന്നു. പൃഥ്വിരാജിന്റെ പൊലീസ് ഓഫീസറുടെ ജീവിതവും പശ്ചാത്തലവും, നിവിന്‍ പോളിയുടെ ഐ. ടി കമ്പനിയും അവിടത്തെ പ്രശ്‌നങ്ങളും ഒരേസമയം കഥപറയാന്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ആ കഥ പറച്ചലിനൊപ്പം പോകാന്‍ പ്രേക്ഷകര്‍ക്കു കഴിയുന്നില്ലെന്നത് സിനിമയുടെ ഒരു വലിയ പോരായ്മ തന്നെയാണ്. ക്‌ളൈമാക്‌സ് കിടിലനായി ചിത്രീകരിച്ച ശേഷം, കാണികള്‍ അതിന്റെ തീവ്രതയ്‌ക്കൊപ്പം നിന്ന ശേഷം, ഒരു ആന്റി ക്‌ളൈമാക്‌സ് ചേര്‍ത്തത് ഈ സിനിമയ്ക്ക് ഒരു വലിയ പരാജയമായി ഭവിച്ചു. ക്രൈമും സസ്‌പെന്‍സും കുറ്റാന്വേഷണവും ഹോളിവുഡ് ഫീലിംഗുമെല്ലാം അനുഭവിപ്പിച്ചശേഷം, കൊണ്ടുവന്ന ഈ രംഗം ഏച്ചുകെട്ടലായി.
‘ഇവിടെ’ പ്രേക്ഷകര്‍ കണ്ടിരിക്കുന്നുണ്ട്. പക്ഷേ സിനിമ കണ്ടിറങ്ങുമ്പോള്‍ എന്താണ് കണ്ടതെന്നത് അവര്‍ മറന്നേ പോകുന്നു. എന്നാല്‍ ചിത്രീകരണത്തിന്റെ അപാരമായ മികവ് മനസ്സിനെ സന്തോഷിപ്പിക്കുന്നുണ്ട്.

ലാസ്റ്റ് കാര്‍ഡ്.
ടെയില്‍ എന്റിനെപ്പറ്റി വ്യസനിച്ചിട്ടു കാര്യമില്ല. സിനിമ അമേരിക്കയില്‍ പിടിച്ചാലും സായ്പന്മാര്‍ അഭിനയിച്ചാലും മലയാളി എന്നും മലയാളി തന്നെയാണല്ലോ.

തങ്കച്ചന്‍ മരിയാപുരം

content courtesy: http://cinemapathram.com/
prp

Leave a Reply

*