കേള്‍ക്കാം കാണാം കുമ്പസാരം

കോമഡി ചിത്രങ്ങളുടെയും ആക്ഷന്‍ ത്രില്ലറുകളുടെയും പരമ്പരക്കിടയില്‍ നിന്ന് മനുഷ്യ ജീവിതത്തിന്റെ ജൈവാംശത്തിന് ഊന്നല്‍ നല്‍കി ഒരു സിനിമ ഉണ്ടാക്കുവാനുള്ള സാഹസികമായ ശ്രമം. സിനിമയുടെ പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ രണ്ടു കുറ്റവാളികളുടെ കുമ്പസാരത്തിന്റെ കഥയാണിത്.
പ്രിയപ്പെട്ടവരുടെ ചികിത്സക്കായി പണം തേടി നടക്കുന്നതും ആ ശ്രമത്തിനിടയില്‍ ഏടാകൂടങ്ങളില്‍ ചെന്നുപെടുന്ന നായകനും ഒന്നും മലയാള സിനിമയില്‍ പുതിയതല്ല. മുഖ്യ കഥാപാത്രം തന്നെ നറേറ്ററായി വന്ന് പ്രേക്ഷകനെ സീനുകളിലേക്ക് നയിക്കുന്ന സ്റ്റോറി പാറ്റേണും ആദ്യമല്ല. എന്നാല്‍ വിവരണം , കൊടിയ പശ്ചാത്താപത്തിനു ശേഷമുള്ള കുമ്പസാരമാകുമ്പോള്‍ പ്രേക്ഷകന് മടുപ്പില്ലാതെ കണ്ടിരിക്കാവുന്ന അവസ്ഥയുണ്ടാകുന്നു.
ഓട്ടോ ഡ്രൈവറായ ആല്‍ബി (ജയസൂര്യ) യും മീരയും (ഹണിറോസ്) പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ക്രിസ്ത്യാനിയായ ആല്‍ബിയെ വിവാഹം കഴിച്ചതോടെ മീരയെ ബന്ധുക്കള്‍ കൈയ്യൊഴിയുന്നു. പരിമിതമായ സാഹചര്യങ്ങളില്‍ കഴിഞ്ഞു കൂടുന്ന ഇവരുടെ മകന് മാരകമായ രോഗം ബാധിക്കുന്നതും ഓപ്പറേഷനു വേണ്ടി പതിമൂന്ന് ലക്ഷം രൂപ സംഘടിപ്പിക്കുന്നതിനായി അനുഭവിക്കുന്ന കഷ്ടതകളുമാണ് പ്രമേയം. ജയസൂര്യ എന്ന നടന്റെ അഭിനയ ശേഷിയെ നന്നായി ഉപയോഗിച്ചിട്ടുണ്ട് . മറ്റാരുടെയോ ഇരയുടെ നെഞ്ചിനു നേരെ നിറയൊഴിക്കേണ്ടി വരുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന മാനസിക സംഘര്‍ഷങ്ങള്‍ ജയസൂര്യയുടെ ഓരോ ചെറു ചലനത്തിലും പ്രകടമാകുന്നുണ്ട്. ഹണിറോസും കഥാപാത്രത്തോട് നീതി പുലര്‍ത്തി. പതിവ് ഗ്‌ളാമര്‍ വേഷങ്ങളില്‍ നിന്നുള്ള മോചനം കൂടിയാണിത്. വിനീത്, ഷാനവാസ്, ടിനി ടോം എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.

k 1
സംവിധായകന്‍ അനീഷ് അന്‍വര്‍ തന്നെയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഓരോ ഷോട്ടും മികവോടെ പ്‌ളാന്‍ ചെയ്തിരിക്കുന്നു. ആല്‍ബിയുടെയും മീരയുടെയും മകന്‍ ജെറി ഉമ്മറത്തിരുന്ന് ആകാശത്തേക്കു നോക്കി ദൈവത്തിന് കത്തെഴുതുന്ന സീന്‍ ഹൃദ്യമാണ്. ആല്‍ബി എന്ന ക്യാമറാമാന്റെ കൈയ്യൊപ്പും ചിത്രത്തില്‍ നന്നായി പതിഞ്ഞിട്ടുണ്ട്. ഇരുളും മഴയും എല്ലാ സാധ്യതകളോടും കൂടി ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. വിഷ്ണു മോഹന്‍ സിത്താരയുടെ സംഗീതവും മികച്ചതാണ്.
ആദ്യന്തം സെന്റിമെന്റ്‌സാണ് സിനിമയില്‍. ചില സീനുകള്‍ ഒരു മാത്ര പ്രേക്ഷകന്റെ കണ്ണു നനയിച്ചേക്കാം. സെന്റിമെന്റ്‌സിനു സമാന്തരമായി സസ്‌പെന്‍സും ഉണ്ട്. കുടുംബങ്ങളെ തീയ്യേറ്ററില്‍ പ്രതീക്ഷിച്ചാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സ്വന്തം പ്രാരാബ്ധങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കുമിടയില്‍ നിന്ന് ഒന്നു മാറി റിലാക്‌സ് ചെയ്യാന്‍ തീയ്യേറ്ററിലെത്തുന്ന ഒരു വലിയ കൂട്ടം പ്രേക്ഷകര്‍ ഈ ചിത്രത്തെ സ്വീകരിക്കും എന്നു തന്നെ വേണം പ്രതീക്ഷിക്കാന്‍. പണത്തിനു വേണ്ടി ആരെയും കൊല്ലുന്ന ക്വട്ടേഷന്‍ സംസ്‌കാരത്തിനെതിരെയുള്ള സന്ദേശം കൂടി ഈ സിനിമ പങ്കുവയ്ക്കുന്നുണ്ട്.-കെ. ജയചന്ദ്രന്‍

content courtesy: http://cinemapathram.com/
prp

Leave a Reply

*