പ്രേമം, മുന്‍വിധികളില്ലാതെ……

അധികമൊന്നും പ്രതീക്ഷിക്കാതെയും മുന്‍വിധികളില്ലാതെയും തീയ്യേറ്ററുകളിലേയ്ക്ക് പോയാല്‍ നിരാശപ്പെടാതെ കണ്ടു പോരാവുന്ന ചിത്രമാണ് പ്രേമം. ചിത്രശലഭത്തെ പ്രതീകമാക്കി ഡിസൈന്‍ ചെയ്ത പോസ്റ്ററുകളും വ്യത്യസ്തമായ ടൈറ്റില്‍ പ്രസന്റേഷനും പ്രേക്ഷകന് വലിയ പ്രതീക്ഷ നല്‍കും. അല്‍ഫോന്‍സ് പുത്രന്‍ സിനിമയെടുത്തിരിക്കുന്ന രീതി വ്യത്യസ്തമാണ്. നേരം എന്ന വിജയ ചിത്രത്തിന്റെ ഹാങ്ങ് ഓവര്‍ രണ്ടാം ചിത്രത്തില്‍ തെല്ലുമില്ല എന്നത് ആശ്വാസം. സംവിധായകന്റെ നിറസാന്നിധ്യമുള്ള സിനിമ. എന്നാല്‍ പലപ്പോഴും ശക്തമായ ഒരു കഥയുടേയും തിരക്കഥയുടേയും അഭാവം അനുഭവപ്പെടും.

ജോര്‍ജ്ജ് (നിവിന്‍ പോളി) എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളില്‍ അയാള്‍ കടന്നുപോകുന്ന മൂന്ന് പ്രണയാനുഭവങ്ങളാണ് സിനിമയുടെ പ്രമേയം. രണ്ടായിരാമാണ്ടിലെ പ്രേമം, രണ്ടായിരത്തിയഞ്ചിലെ പ്രേമം, രണ്ടായിരത്തിപ്പതിന്നാലിലെ പ്രേമം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലെ പ്രണയം അതാത് കാലങ്ങളിലെ ചുറ്റുപാടുകളില്‍ നര്‍മ്മത്തില്‍പ്പൊതിഞ്ഞ് അവതരിപ്പിക്കുന്നതിനാണ് ശ്രമിച്ചിരിക്കുന്നത്. അനുപം പരമേശ്വരന്‍, സായി പല്ലവി, മഡോണ എന്നിവര്‍ വ്യത്യസ്ത ഘട്ടങ്ങളിലെ കാമുകിമാരായി എത്തുന്നു.
പ്രീഡിഗ്രി/പ്ലസ്സ്2 കാലത്തെ പ്രണയം, പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പിലെ ചുറ്റുപാടുകളില്‍ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. ജോര്‍ജ്ജും അയാളുടെ ചങ്ങാതിമാരായ ശംഭുവും കോയയും മറ്റ് സഹപാഠികളും ചേര്‍ന്ന് മേരി എന്ന ഗ്രാമീണ സുന്ദരിയുടെ പിന്നാലെ നടക്കുന്ന സീനുകള്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കും. ആ കാലഘട്ടത്തെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. ഇടുങ്ങിയ പാലവും കരിയിലകള്‍ മൂടിയ ഇടവഴികളും ഗ്രാമത്തിലെ ചായക്കടയുമെല്ലാം ചേരും പടി ചേര്‍ത്തിരിക്കുന്നു. ചായക്കടയില്‍ ചിത്രീകരിച്ച സീനുകളില്‍ ചിലത് നാം സിനിമാ കാണുകയാണെന്ന കാര്യം മറന്നു പോകുന്ന അവസ്ഥ സൃഷ്ടിക്കുന്നുണ്ട്.

p2
ഒരു പ്രണയം പരാജയപ്പെടുമ്പോള്‍ ഏകദേശം അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു പ്രണയത്തിലേയ്ക്ക് കടക്കുന്ന നായകനെയാണ് സിനിമയില്‍ കാണുന്നത്. പ്രേമത്തെ കുറച്ചുകൂടി ഗൗരവമായി കാണുന്ന രണ്ടാം ഘട്ടത്തില്‍ ജോര്‍ജ്ജ് പ്രണയിക്കുന്നത് തന്നെ പഠിപ്പിക്കുവാന്‍ വരുന്ന ഗസ്റ്റ് ലക്ച്ചററെയാണ്(മലര്‍). മീശ മുളച്ചുവരുന്ന പ്രായത്തിലെ കൗമാര കാമുകനായും രാജമാണിക്യം സ്റ്റൈലില്‍ കോളേജില്‍ വിലസി ടീച്ചറെ പ്രേമിക്കുന്ന കോളേജ് കാമുകനായും രണ്ട് പ്രണയ പരാജയങ്ങളില്‍ നിന്നും പാഠം പഠിച്ച പക്വതയുള്ള കാമുകനായും നിവിന്‍ പോളി വ്യത്യസ്തമായ ഗെറ്റപ്പുകളില്‍ തിളങ്ങി. കാമുകിമാരും ഒന്നിനൊന്ന് മെച്ചം. മലരിനോട് പ്രേമാഭിനിവേശവുമായി നടക്കുന്ന അതേ കോളേജിലെ അധ്യാപകനായ വിമല്‍സാറിന്റെ വേഷത്തില്‍ വിനയ് ഫോര്‍ട്ട് വ്യത്യസ്തമായ പ്രകടനത്തിലൂടെ ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. ഒരു സീനില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന രഞ്ജി പണിക്കരും മിന്നുന്ന പ്രകടനമാണ് കാഴ്ച്ച വയ്ക്കുന്നത്.
കോമഡി ട്രാക്കില്‍ വലിയ പരുക്കില്ലാതെ മുന്നേറിക്കൊണ്ടിരുന്ന കഥാഗതിയില്‍ സെന്റിമെന്‍സ് ചേര്‍ക്കാന്‍ ശ്രമിക്കുന്നിടത്താണ് കഥ കൈവിട്ടുപോകുന്നത്. അതിനുവേണ്ടി സൃഷ്ടിച്ചെടുത്ത കഥാ സന്ദര്‍ഭങ്ങളും അതിന്റെ പരിണാമവും ഉദ്ദ്യേശിച്ച ഫലമാണോ ചെയ്തതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രണ്ടാമത്തെ പ്രേമവും പരാജയപ്പെട്ട നായകന് വിജയിച്ചേ തീരൂ എന്ന ഘട്ടത്തില്‍ മൂന്നാമതൊരു പ്രേമം അയാളിലേയ്ക്കടുത്തുവരികയും ക്ലൈമാക്‌സിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു. ആനന്ദ് സി. ചന്ദ്രന്റെ ക്യാമറ മനോഹരമായി ദൃശ്യങ്ങളെ ഒപ്പിയെടുത്തിട്ടുണ്ട്. എഡിറ്റിംങ്ങിലും മിക്‌സിങ്ങിലും ആധുനിക സാങ്കേതിക വിദ്യയുടെ സാന്നിധ്യം പ്രകടമാണ്.
പ്രേമമഴ നനയുവാന്‍ തീയ്യേറ്ററിലെത്തുന്നവര്‍ക്ക് ചിരിമഴ നനഞ്ഞ് മടങ്ങാം. അല്ലെങ്കിലും പ്രേമം ഇപ്പോള്‍ ആര്‍ദ്രത നഷ്ടപ്പെട്ട് മറ്റെന്തോ ആയി മാറിക്കഴിഞ്ഞിട്ടുണ്ടല്ലോ?
ലാസ്റ്റ്കാര്‍ഡ്.
പ്രേമം പ്രേക്ഷകരെ പരസ്യത്തിലൂടെ വഞ്ചിക്കുന്നില്ല എന്നത് ആശ്വാസദായകമാണ്. പുതുമകളൊന്നുമില്ലാത്ത രണ്ടാമത്തെ മലയാളചിത്രം എന്നതാണല്ലോ പ്രേമത്തിന്റെ പരസ്യ വാചകം.            Staring: Nivin Poli, Anupam Parameswaran, Sai Pallavi, Madona, Vinay Fort etc..

കെ. ജയചന്ദ്രന്‍

content courtesy: http://cinemapathram.com/
prp

Leave a Reply

*