പി. മോഹനന്‍റെ മകനെയും മരുമകളെയും ആക്രമിച്ച പ്രതിയുടെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്: കുറ്റ്യാടി നെട്ടൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍റെ വീടിനു നേരെ ബോംബേറ്. സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍റെ മകനെയും മരുമകളെയും അക്രമിച്ച കേസിലെ പ്രതിയുടെ വീടിനു നേരെയാണ് തിങ്കളാഴ്ച രാത്രി 12.30ഓടെ ബോംബേറുണ്ടായിരിക്കുന്നത്.

കേസില്‍ ആദ്യം അറസ്റ്റിലായ നെട്ടൂര്‍ സ്വദേശി സുധീഷിന്‍റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. കേസിലെ മറ്റൊരു പ്രതിയായ രമേശന്‍റെ വീടിനു നേരെയും കഴിഞ്ഞ രാത്രി ആക്രമണം ഉണ്ടായിരുന്നു. കേസിലെ മറ്റൊരു പ്രതിയുടെ വീട് അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. ഈ പ്രദേശത്തുനിന്ന് കഴിഞ്ഞ ദിവസം ഒരു സ്റ്റീല്‍ ബോംബ് കണ്ടെത്തിയിരുന്നു. സംഭവ സ്ഥലത്തും,നാദാപുരം, കുറ്റ്യാടി മേഖലയില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നുണ്ട്.

പി. മോഹനന്‍റെ മകന്‍ ജൂലിയസ് നികിതാസ് (33), ഭാര്യ സാനിയോ മനോമി (25) എന്നിവര്‍ക്കു നേരെയാണ് ഹര്‍ത്താല്‍ ദിനമായ ശനിയാഴ്ച ആക്രമണമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞ് ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദിക്കുകയായിരുന്നു. സാരമായ പരിക്കേറ്റ ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് റിപ്പോര്‍ട്ടറാണ് സാനിയോ മനോമി. കോഴിക്കോട്ടു നിന്ന് കക്കട്ടിലെ വീട്ടിലേക്ക് പോകുന്നതിനിടയില്‍ ശനിയാഴ്ച രാവിലെ 11 മണിയോടെ അമ്പലകുളങ്ങരയിലാണ് സംഭവം നടന്നത്. മറ്റുവാഹനങ്ങള്‍ തടയാതെ ഇവര്‍ സഞ്ചരിച്ച കാര്‍ മാത്രം തടഞ്ഞ് വാഹനത്തിനുള്ളിലിട്ടും പുറത്തിറക്കിയും മര്‍ദിക്കുകയായിരുന്നു.  നികിതാസിന്‍റെ മൂക്കിന് സാരമാക്കി പരിക്കേറ്റിട്ടുമുണ്ടായിരുന്നു.

മര്‍ദനമേറ്റ് അവശരായ ഇരുവരെയും നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇവരെ പിന്നീട് കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് പോകുന്നവഴി നടുവണ്ണൂരില്‍ തടഞ്ഞുനിര്‍ത്തി ഹര്‍ത്താല്‍ അനുകൂലികള്‍ വീണ്ടും ആക്രമിച്ചിരുന്നു. ആസൂത്രിതമായ ആക്രമണമാണെന്ന് കാട്ടി ഇവര്‍ പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

prp

Related posts

Leave a Reply

*