സംസ്ഥാനത്ത് പലയിടങ്ങളിലുണ്ടായ എ.ടി.എം കവര്‍ച്ച: നെട്ടോട്ടമോടി പൊലീസ്

കൊച്ചി: കേരളത്തെ ഞെട്ടിച്ച്‌ കൊച്ചിയിലും തൃശൂരിലും എ.ടി.എം കവര്‍ച്ച നടന്ന് ഒരാഴ്ചയോട് അടുക്കുമ്പോഴും കവര്‍ച്ചാ സംഘത്തെ പിടികൂടാനാവാതെ പൊലീസ്. പ്രതികള്‍ ട്രെയിന്‍ മാര്‍ഗം സംസ്ഥാനം വിട്ടെന്ന വിലയിരുത്തലിലാണ് അന്വേഷണം സംഘം. എന്നാല്‍, എവിടേയ്ക്കാണ് കടന്നതെന്ന് ഇന്നലെവരെ കണ്ടെത്താനായിട്ടില്ല.

   35 ലക്ഷം കവര്‍ന്നത് ഉത്തരേന്ത്യക്കാരാണെന്ന് സംശയമുണ്ടെങ്കിലും എവിടത്തുകാരെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. കവര്‍ച്ച നടന്ന എ.ടി.എമ്മുകളില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളും പ്രതികളുടേതെന്ന് സംശയിക്കുന്ന വിരലടയാളങ്ങളും മാത്രമാണ് പൊലീസിന്‍റെ പക്കലുള്ള ആകെ പിടിവള്ളി. അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്കടക്കം വ്യാപിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കൊച്ചി ഇരുമ്പനത്തെ എസ്.ബി.ഐ എ.ടി.എമ്മില്‍നിന്ന് 25 ലക്ഷം രൂപയും, കൊരട്ടിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ എ.ടി.എമ്മില്‍നിന്ന് 10.60 ലക്ഷം രൂപയും കവര്‍ന്നത്. കോട്ടയം വെമ്പള്ളി, കളമശേരി എച്ച്‌.എം.ടി എന്നിവിടങ്ങളിലെ എ.ടി.എമ്മുകളില്‍ കവര്‍ച്ചാശ്രമവും നടന്നു.

പൊലീസ് സഞ്ചരിച്ച വഴികള്‍

  • കവര്‍ച്ച നടന്നതും മോഷണശ്രമം നടന്നതുമായ എ.ടി.എമ്മുകളിലെ സി.സി ടി.വി കാമറകളടക്കം നൂറോളം കാമറകള്‍ പരിശോധിച്ചു.
  • പ്രതികളുടെ ദൃശ്യങ്ങളടക്കം ഇതിലൂടെ കണ്ടെത്തായി.
  • റെയില്‍വേ സ്റ്റേഷനുകളിലെ കാമറകളും പരിശോധിച്ചു. (എറണാകുളം മുതല്‍ ചാലക്കുടി വരെ).
  • ചാലക്കുടി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഏഴംഗ സംഘത്തിന്‍റെ ദൃശ്യം കണ്ടെത്തി. ഇവരാണോ കവര്‍ച്ചക്കാരെന്ന് സ്ഥിരീകരിച്ചിട്ടില്ല.
  • ആന്ധ്രയില്‍ നിന്നും മോഷ്ടാക്കളുമായി മുഖസാദൃശ്യമുള്ള മൂന്നംഗ സംഘത്തിന്‍റെ ദൃശ്യം ലഭിച്ചെങ്കിലും ഇവ‌ര്‍ പ്രതികളല്ലെന്ന് കണ്ടെത്തി.
  • ചാലക്കുടി പൊലീസ് സംഘം ഗോവയില്‍ അന്വേഷണം തുടരുന്നു.
  • കോട്ടയം, എറണാകുളം ജില്ലകളിലെ സ്ക്വാഡുകളുടെ അന്വേഷണം ഉത്തരേന്ത്യ കേന്ദ്രീകരിച്ച്‌. (ബീഹാര്‍,​ ഡല്‍ഹി)​.
  • മൂന്ന് ജില്ലകളിലും സമാന എ.ടി.എം കവര്‍ച്ചക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം.

ഫോണ്‍ വിളി നോക്കി

  • സംശയാസ്പദമായ സാഹചര്യത്തിലുള്ള പതിനായിരത്തോളം ഫോണ്‍കോളുകള്‍ കൊരട്ടി എസ്.പിയുടെ നേതൃത്വത്തില്‍ പരിശോധിച്ചു.
  • സൈബര്‍ അന്വേഷണം തുടരുന്നു.
  • പുലര്‍ച്ചെ ഒന്നരയ്ക്കും നാലരയ്ക്കും ഇടയില്‍ കേരളത്തിന് പുറത്തേക്ക് പോയ ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിക്കുന്നു.
  • തൊട്ടടുത്ത ദിവസം മറ്റ് സംസ്ഥാനങ്ങളിലെ സൈബര്‍ പൊലീസുമായി ബന്ധപ്പെട്ടു.
  • കൊരട്ടിയില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ രക്തക്കറയും വിരലടയാളവും കണ്ടെത്തി. വിശദ പരിശോധനയ്ക്ക് ഫോറന്‍സിക് ലാബിലേക്ക് അയച്ചു.

ലോഡ്ജുകളില്‍ പരിശോധന

  • കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ലോഡ്ജുകളില്‍ പരിശോധന തുടരുന്നു.
  • അതാത് സ്‌റ്റേഷന്‍ പരിധിയിലെ എസ്.ഐമാര്‍ക്കാണ് പരിശോധനാച്ചുമതല.
  • കോട്ടയത്തെ ഏതാനും ഹോട്ടലുകളിലെ രേഖകളും സി.സി ടി.വി ദൃശ്യങ്ങളും ശേഖരിച്ചു.
prp

Related posts

Leave a Reply

*