ന്യൂഡല്‍ഹി: പരിസ്ഥിതിക ആഘാത പഠന (ഇഐഎ) കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാരിസ്ഥിതിക നാശത്തിനും ചൂഷണത്തിനും ഇടയാക്കുമെന്നതിനാല്‍ ഇഐഎ 2020 കരട് പിന്‍വലിക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.
രാജ്യത്തെ കൊള്ളയടിക്കുന്നത് തടയാനും പരിസ്ഥിതിനാശത്തിനു തടയിടാനും ഇഐഎ കരട് പിന്‍വലിക്കണം- രാഹുല്‍ ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ വിഭവങ്ങള്‍ സ്യൂട്ട് ബൂട്ട് സുഹൃത്തുക്കള്‍ക്കായി ബിജെപി സര്‍ക്കാര്‍ കൊള്ളയടിക്കുന്നതിന്റെ മറ്റൊരു ഭയാനകമായ ഉദാഹരണമാണിതെന്നും രാഹുല്‍ ആരോപിച്ചു. ഇഐഎ കരടിനെ ഞായറാഴ്ചയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. പൊതുജനങ്ങളുടെ അഭിപ്രായത്തിനായി ഇപ്പോള്‍ തയാറാക്കിയ കരട് അപമാനകരവും അപകടകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായി വര്‍ഷങ്ങളായി നടത്തിയ കഠിനാധ്വാനത്തിലൂടെ നേടിയ നേട്ടങ്ങളെ ഇല്ലാതാക്കാന്‍ കരട് നിയമത്തിന് കഴിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉയര്‍ന്ന മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങളായ കല്‍ക്കരി ഖനനം, മറ്റ് ധാതു ഖനനം എന്നിവയ്ക്ക് ഇനിമേല്‍ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ ആവശ്യമില്ല. ഇടതൂര്‍ന്ന വനങ്ങളിലൂടെയും മറ്റ് പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെയും കടന്നുപോകുന്ന ഹൈവേകള്‍ക്കോ റെയില്‍വേ ലൈനുകള്‍ക്കോ വേണ്ടി വന്‍തോതില്‍ മരങ്ങള്‍ വെട്ടിമാറ്റുന്നതിനും വംശനാശഭീഷണി നേരിടുന്ന ആയിരക്കണക്കിന് ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നതിനും ഇത് ഇടയാക്കും- കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കരട് വിജ്ഞാപനത്തിനെതിരെയുള്ള ജനങ്ങളുടെ അഭിപ്രായം അറിയിക്കാനുള്ള സമയം ചൊവ്വാഴ്ച അവസാനിക്കാനിരിക്കേ ശക്തമായ ഓണ്‍ലൈന്‍ കാമ്ബയിനാണ് കേരളത്തിലടക്കം നടക്കുന്നത്. നിലവിലെ പരിസ്ഥിതി നിയമങ്ങളില്‍ കൂടുതല്‍ അയവ് വരുത്തുന്നതാണ് പുതിയ വിജ്ഞാപനം. ഇതിനെതിരെയാണ് യുവാക്കളുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ കാമ്ബയിന് നടക്കുന്നത്.