ഹൈദരാബാദ്: തെന്നിന്ത്യന്‍ താരം തമന്നയ്ക്ക് നേരെ ചെരിപ്പേറ്. ഹൈദരാബാദിലെ ഹിമായത്ത് നഗറിൽ ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് നടിക്ക് നേരെ ചെരുപ്പേറുണ്ടായത്.
ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം. ഉദ്ഘാടനം കഴിഞ്ഞ് പുറത്തിറങ്ങി ആൾകൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ബിടെക്ക് ബിരുദധാരിയായ കരിമുള്ളയെന്ന യുവാവ് തമന്നയുടെ നേരെ ചെരിപ്പെറിയുകയായിരുന്നു. എന്നാല്‍ ചെരിപ്പ് തമന്നയുടെ ദേഹത്തല്ല, ജ്വല്ലറിയിലെ ജീവനക്കാരന്‍റെ ശരീരത്തിലായിരുന്നു കൊണ്ടത്. ഉടന്‍ പോലീസിനെ വിളിക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തമന്ന അടുത്ത കാലത്ത് അഭിനയിച്ച വേഷങ്ങള്‍ തന്നെ നിരാശപ്പെടുത്തിയതിനാണ് ചെരിപ്പെറിഞ്ഞതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
ദിവസങ്ങൾക്ക് മുൻപ് കൊച്ചിയിലെ മാളിൽ വെച്ചും നടി തമന്നയ്ക്ക് നേരെ ആരാധകരുടെ അതിക്രമമുണ്ടായിരുന്നു. മാളിലെത്തിയ നടിയോട് ആരാധകർ അശ്ലീല കമന്‍റുകൾ പറഞ്ഞതും, ലിഫ്റ്റിൽ തള്ളിക്കയറാൻ ശ്രമിച്ചതും വലിയ വാർത്തയായിരുന്നു. സ്കെച്ച് എന്ന പുതിയ തമിഴ് ചിത്രത്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയപ്പോഴാണ് നടിക്ക് നേരെ കമന്‍റടി ഉണ്ടായത്. ഇതിനെത്തുടര്‍ന്ന്‍ നടി ആരാധകരോട് പൊട്ടിത്തെറിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

