തിരുവനന്തപുരം: ഇന്ധന വില വര്‍ധനയ്ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ക്കിടെ ഡീസല്‍വില സര്‍വകാല റെക്കോഡായ എഴുപതിലേക്ക്. ലിറ്ററിന് 69.30 രൂപയാണ് ഞായറാഴ്ചത്തെ വില. പെട്രോള്‍ വിലയും കുതിക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 76.68 രൂപയായി . മുംബൈയില്‍ 80.64 രൂപയാണ്.
പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് നല്‍കിയിരുന്ന സബ്സിഡി എടുത്തുകളയുകയും വില നിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കുകയും ചെയ്തതിനു പിന്നാലെ ലാഭം പെരുകുമെന്ന് ഉറപ്പായതോടെ അടച്ചുപൂട്ടിയ സ്വകാര്യപമ്പുകള്‍ വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങി.
രണ്ടാഴ്ചയായി പെട്രോളിന് ശരാശരി 15 പൈസ വീതവും ഡീസലിന് 20 പൈസ വീതവും ഓരോ ദിവസവും കൂട്ടി. ഡീസല്‍വില കൂടിയതോടെ അവശ്യസാധനവിലയും കുതിക്കുകയാണ്. ബിജെപി അധികാരത്തിലെത്തുമ്പോള്‍ പെട്രോള്‍ ലിറ്ററിന് 69.15 രൂപയും ഡീസലിന് 49.57 രൂപയുമായിരുന്നു. 2015ല്‍ പെട്രോളിന് കേന്ദ്ര എക്സൈസ് നികുതി ലിറ്ററിന് 11.48 രൂപ ആയിരുന്നത് ഇപ്പോള്‍ 19.48 രൂപയാണ്. 69 ശതമാനമാണ് വര്‍ധന. ഡീസലിന്‍റെ കേന്ദ്രനികുതി 4.46 രൂപ ആയിരുന്നത് ഇപ്പോള്‍ 15.33 രൂപയായി.
ഡീസല്‍വില വര്‍ധിപ്പിച്ചതോടെ ചരക്ക് കടത്ത് കൂലി കൂടി. ബസ് നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് 30 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഡീസല്‍വില വര്‍ധനയിലൂടെ കെഎസ്‌ആര്‍ടിസിക്ക് പ്രതിദിനം 30 ലക്ഷം രൂപയാണ് അധികബാധ്യത.

