വനിതാ മതില്‍ പൊളിക്കാന്‍ പുല്ലിന് തീയിടലും കല്ലേറും; കാസര്‍ഗോഡ് സിപിഐഎം- ബിജെപി സംഘര്‍ഷം

കാസര്‍ഗോഡ്‌:  കാസര്‍ഗോഡ്‌ വനിതാമതിലിനിടെ സംഘര്‍ഷം. കാഞ്ഞങ്ങാടിന് സമീപം ചേറ്റുകുണ്ടില്‍ ഒരുവിഭാഗം ബിജെ.പി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ റോഡ്‌ കൈയേറി ഉപരോധിച്ചതോടെ 300 മീറ്റര്‍ ഭാഗത്ത്‌ മതില്‍ തീര്‍ക്കാന്‍ കഴിഞ്ഞില്ലെന്നാണ് വിവരം.

മതില്‍ തുടങ്ങുന്നതിന് മുമ്പുതന്നെ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി. വനിതാമതിലിനെത്തിയവര്‍ക്കെതിരെ കല്ലെറിയുകയും തുടര്‍ന്ന് റോഡ് സൈഡിലുള്ള പുല്ലിന് തീയിടുകയും ചെയ്തു. റെയില്‍വേ ലൈനിനോട് ചേര്‍ന്നുള്ള ഭാഗത്താണ് തീയിട്ടത്.

ഇതേത്തുടര്‍ന്ന് കനത്ത പുക ഇവിടെ  വ്യാപിക്കുകയും  വനിതാമതിലിനെത്തിയവര്‍ക്ക് ഇവിടെ നില്‍ക്കാന്‍ സാധിക്കാതെ വരികയും ചെയ്തു.  പോലീസും ഫയര്‍ ഫോഴ്‌സുമെത്തി തീയണയ്ക്കാനും സംഘര്‍ഷമൊഴിവാക്കാനും ശ്രമിക്കുകയാണ്. പുക വ്യാപിച്ചതിനെ തുടര്‍ന്ന് അരക്കിലോമീറ്ററോളം ദൂരം വനിതാമതില്‍ തീര്‍ക്കാന്‍ സാധിച്ചില്ല.

കനത്ത കല്ലേറ് നടന്നതായും റിപ്പോര്‍ട്ടുണ്ട്. വാഹനങ്ങള്‍ തടയുകയും ചെയ്തു. അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാന്‍ ഈ ഭാഗത്തുനിന്ന് പോയവര്‍ക്ക് നേരെയാണ് കഴിഞ്ഞ ദിവസം കണ്ണൂരില്‍ ആക്രമണമുണ്ടായത്. ഇതിനുള്ള പ്രതികാരമാണ് ഇന്നത്തെ സംഭവങ്ങളെന്നാണ് സൂചന. സംഘര്‍ഷം നിയന്ത്രിക്കാന്‍ പോലീസ് ലാത്തി വീശി. വനിതാ മതിലിന്‍റെ ഭാഗമായുള്ള കാസര്‍കോട്ടെ പൊതുസമ്മേളനം വെട്ടിച്ചുരുക്കി മന്ത്രി ഇ ചന്ദ്രശേഖരന്‍ അടക്കമുള്ളവ ഇടത് മുന്നണി നേതാക്കള്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

prp

Related posts

Leave a Reply

*