വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേട്; തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട വ്യാപക ക്രമക്കേട് നടന്നെന്ന് ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഉദുമ മണ്ഡലത്തില്‍ കുമാരി എന്ന് പേരുള‌ള ഒരു വോട്ടറുടെ പേരില്‍ ആറ് തിരിച്ചറിയല്‍ കാര്‍ഡുകളാണ് നല്‍കിയിരിക്കുന്നത്. ഇതുപോലെ അട്ടിമറി വിവിധ മണ്ഡലങ്ങളിലും നടന്നിട്ടുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനെ ഇതിലൂടെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

ഒരേ വ്യക്തിക്ക് ഒരേ മണ്ഡലത്തില്‍ നിരവധി ഐഡന്റിറ്റി കാര്‍ഡ് നല്‍കിയിരിക്കുകയാണ്. നാലും അഞ്ചും ഇടത്ത് പേര് ചേര്‍ത്തിരിക്കുന്നു. ഉദുമയിലെ നൂ‌റ്റി‌അറുപത്തിനാലാമത് ബൂത്തിലെ കൃത്രിമമാണ് ഉദാഹരണമായി താന്‍ എടുത്തുകാട്ടുന്നതെന്ന് ചെന്നിത്തല പറഞ്ഞു. ഓരോ നിയമസഭാ മണ്ഡലങ്ങളിലും ഇത്തരത്തില്‍ ആയിരക്കണക്കിന് പേരെ ചേര്‍ത്തു. യുഡിഎഫ് പ്രവര്‍ത്തകര്‍ രാപകല്‍ അദ്ധ്വാനിച്ച്‌ ഈ തട്ടിപ്പുകള്‍ കണ്ടെത്തി. കഴക്കൂട്ടം മണ്ഡലത്തില്‍ ഇങ്ങനെ 4506 പേരെ ചേര്‍ത്തതായി കണ്ടെത്തി.കൊല്ലം 2534, തൃക്കരിപ്പൂരില്‍ 1436, കൊയിലാണ്ടിയില്‍ 4611, നാദാപുരം 6171, കൂത്തുപറമ്ബ് 3525, അമ്ബലപ്പുഴ 4750 എന്നിങ്ങനെയാണ് വോട്ടര്‍പട്ടികയില്‍ വ്യാജമായി ചേര്‍ത്തതെന്നും ചെന്നിത്തല ആരോപിച്ചു.

140 മണ്ഡലങ്ങളിലും വ്യാപകമായി സംഘടിതമായി വ്യാജ വോട്ടര്‍മാരെ ചേര്‍ക്കുകയാണ്. ഇതിനുപിന്നില്‍ സംസ്ഥാനതലത്തില്‍ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ട്. വോട്ടേഴ്‌സ് ലിസ്‌റ്റ് തയ്യാറാക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇത് നടന്നത്. അങ്ങനെയല്ലാതെ ഇത് സാധിക്കില്ല. ഇതിനായി നിയോഗിക്കപ്പെട്ട ഭരണകക്ഷിയോട് കൂറ് പുലര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ ഗുരുതരമായ കൃത്യവിലോപം കാട്ടി.

മരിച്ചുപോയവരെയും സ്ഥലത്തില്ലാത്തവരുടെയും ചേര്‍ത്തായിരുന്നു മുന്‍പ് കള‌ളവോട്ട് ചെയ്‌തിരുന്നതെങ്കില്‍ ഇപ്പോള്‍ ഒരേമണ്ഡലത്തില്‍ ഒരാളുടെ നാലും അഞ്ചും കാര്‍ഡ് നല്‍കിയാണ് തട്ടിപ്പ്. ഇരട്ടിപ്പ് വന്ന തിരിച്ചറിയല്‍ കാര്‍ഡ് തിരുത്തണമെന്നും സമഗ്ര അന്വേഷണം വേണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്ന് ചെന്നിത്തല പറഞ്ഞു. ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥരുടെ പേരിലും അവരുമായി ഗൂഢാലോചന നടത്തിയവരെയും പുറത്ത് കൊണ്ടുവന്ന് ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

prp

Leave a Reply

*