അടുത്ത മരണ മാസ്; കട്ട വെയ്റ്റിംഗില്‍ ആരാധകര്‍; കട്ടക്കലിപ്പില്‍ മമ്മൂട്ടിയും ജോജുവും പിന്നെ മുരളി ഗോപിയും; ചിത്രം വൈറല്‍

ആരാധകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘വണ്‍’. പ്രഖ്യാപനം മുതല്‍ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തില്‍ മമ്മൂട്ടി കേരള മുഖ്യമന്ത്രിയായാണ് എത്തുന്നത്. രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മലയാളത്തില്‍ ആദ്യമായാണ് മമ്മൂട്ടി മുഖ്യമന്ത്രിയായെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും ക്യാരക്ടര്‍ പോസ്റ്ററുമെല്ലാം ഇതിനോടകം തന്നെ ശ്രദ്ധേയമായിരുന്നു.

കറുത്ത ഫ്രെയിമുള്ള കണ്ണടയും ഖദര്‍ മുണ്ടും ഷര്‍ട്ടും ധരിച്ച്‌ ഏറെ ഗൗരവക്കാരനായ പൊതുപ്രവര്‍ത്തകന്റെ ലുക്കിലാണ് മമ്മൂട്ടി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. ഫസ്റ്റ് ലുക്ക് അന്ന് തന്നെ പ്രേക്ഷകര്‍ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. മമ്മൂട്ടിയും, ജോജു ജോര്‍ജും, മുരളി ഗോപിയും ഒന്നിച്ചുള്ള ഗംഭീര പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. മമ്മൂട്ടി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. വണ്ണിലെ പുതിയ പോസ്റ്ററിന് മികച്ച സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.

പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ മമ്മൂട്ടി കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഓഫീസിലെത്തി കണ്ടത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പഴയ കേരള നിയമസഭയില്‍ വെച്ചാണ് ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ ചിത്രീകരിച്ചത്. മലയാള സിനിമാ ചരിത്രത്തില്‍ ഇതാദ്യമായാണ് പഴയ കേരള നിയമസഭ ഒരു സിനിമയുടെ ചിത്രീകരണത്തിനായി വാതില്‍ തുറന്നു കൊടുക്കുന്നത്. രാഷ്ട്രീയ അതികായന്മാര്‍ അരങ്ങു വാണ കേരള നിയമസഭയില്‍ ഇതോടെ മറ്റൊരു ചരിത്രം കൂടി കുറിക്കുകയാണ് വണ്‍.

മധു, ബാലചന്ദ്ര മേനോന്‍ എന്നിവര്‍ അതിഥികളായെത്തുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. നടന്‍ ക്യഷ്ണ കുമാറിന്റെ മകള്‍ ഇഷാനിയും ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നുണ്ട്. ജോജു ജോര്‍ജ്, സംവിധായകന്‍ രഞ്ജിത്ത്, മുരളി ഗോപി, സുദേവ് നായര്‍, സലിം കുമാര്‍, സിദ്ദിഖ്, ശ്യാമപ്രസാദ്, അലന്‍സിയര്‍, മാത്യു തോമസ്, ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ജഗദീഷ്, പി. ബാലചന്ദ്രന്‍, കൃഷ്ണ കുമാര്‍, സുധീര്‍ കരമന, റിസബാവ, സാദിഖ്, മേഘനാഥന്‍, സുരേഷ് കൃഷ്ണ, പ്രേംകുമാര്‍, നന്ദു ജയന്‍ ചേര്‍ത്തല, വി.കെ. ബൈജു, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണന്‍, പ്രേംജിത് ലാല്‍, നിഷാന്ത് സാഗര്‍, മുകുന്ദന്‍, ബാലാജി, യദു കൃഷ്ണ, അബു സലിം, ബിനു പപ്പു, പ്രശാന്ത്, നാസര്‍ ലത്തീഫ്, വിവേക് ഗോപന്‍, ഷിജു, ആര്യന്‍ കൃഷ്ണ മേനോന്‍, നിമിഷ സജയന്‍, ഇഷാനി കൃഷ്ണകുമാര്‍, ഗായത്രി അരുണ്‍, രശ്മി ബോബന്‍, ശ്രീജ, ഡോ. പ്രമീളാ ദേവി, അര്‍ച്ചന എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഗാനഗന്ധര്‍വന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഇച്ചായന്‍സ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രം സന്തോഷ് വിശ്വനാഥനാണ് സംവിധാനം ചെയ്യുന്നത്. ഏറെ നിരൂപക പ്രശംസ നേടിയ ചിറകൊടിഞ്ഞ കിനാവുകള്‍ക്ക് ശേഷം സന്തോഷ് ഒരുക്കുന്ന ചിത്രം കൂടിയാണ് വണ്‍. ബോബി-സഞ്ജയ് ടീമാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കുന്നത്. ആദ്യമായാണ് ഒരു മമ്മൂട്ടി ചിത്രത്തിനായി ബോബി സഞജയ് തിരക്കഥ ഒരുക്കുന്നത്. ആര്‍ വൈദി സോമസുന്ദരമാണ് ഛായാഗ്രഹണം. ഗോപി സുന്ദറാണ് സംഗീതം. ‘യാത്ര എന്ന തെലുങ്ക് ചിത്രത്തില്‍ ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന വൈഎസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി വേഷമിട്ടിരുന്നു.

prp

Leave a Reply

*