വായു ചുഴലിക്കാറ്റിന്‍റെ ഗതി മാറുന്നു; ഗുജറാത്തില്‍ ആഞ്ഞടിക്കില്ല

അഹമ്മദാബാദ്: വായു ചുഴലിക്കാറ്റിന്‍റെ സഞ്ചാരപാതയില്‍ വ്യതിയാനം സംഭവിച്ചതായി സൂചന. നേരത്തെ ഗുജറാത്ത് തീരത്ത് ആഞ്ഞടിക്കുമെന്ന് പ്രവചിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ഗുജറാത്ത് തീരത്ത് എത്തുമെങ്കിലും ഗതിമാറ്റമുണ്ടായതിനാല്‍ കരയില്‍ വലിയതോതില്‍ നാശമുണ്ടാകില്ലയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വായു ചുഴലിക്കാറ്റ് വടക്കു പടിഞ്ഞാറന്‍ ദിശയിലേക്ക് മാറിപ്പോകുന്നതായാണ് ഏജന്‍സിയുടെ നിരീക്ഷണം. ഒമാന്‍ തീരത്തിന് സമീപത്തേക്കാണ് വായു ചുഴലിക്കാറ്റിന്‍റെ ഗതി മാറിയിരിക്കുന്നത്. ചുഴലിക്കാറ്റിന്‍റെ ഭീതി ഒഴിഞ്ഞെങ്കിലും ഗുജറാത്തില്‍ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കാറ്റിന്‍റെ ഗതിമാറിയെങ്കിലും തീരദേശത്ത് കനത്ത ജാഗ്രത തുടരും. ചുഴലിക്കാറ്റ് തീരത്തേയ്ക്ക് അടുക്കുമെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മൂന്ന് ലക്ഷം പേരെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. 70 ട്രെയിന്‍ സര്‍വീസുകളും, വ്യോമഗതാഗതവും റദ്ദാക്കിയിട്ടുണ്ട്.

ദ്വാരക, സോമനാഥ്, സാസന്‍, കച്ച്‌ മേഖലയില്‍ വന്നിരിക്കുന്ന വിനോദസഞ്ചാരികളോട് ഉച്ചയ്ക്കകം സുരക്ഷിത സ്ഥങ്ങളിലേക്ക് വരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

prp

Leave a Reply

*