സുരക്ഷ ഇല്ലെങ്കിലും മല ചവിട്ടുമെന്ന് തൃപ്തി ദേശായി, എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം സര്‍ക്കാരിന്

തിരുവനന്തപുരം: പൊലീസ് പ്രത്യേക സുരക്ഷ അനുവദിച്ചില്ലെങ്കിലും ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരില്‍ നിന്നും മറുപടി കിട്ടിയിട്ടില്ല. ഏഴ് സ്ത്രീകളും ദര്‍ശനം നടത്തുന്നത് കൊണ്ടാണ് സുരക്ഷ ആവശ്യപ്പെട്ടത്. ദര്‍ശനത്തിനിടെ എന്തെങ്കിലും സംഭവിച്ചാല്‍ സര്‍ക്കാരിനായിരിക്കും പൂര്‍ണ ഉത്തരവാദിത്തമെന്നും തൃപ്തി വ്യക്തമാക്കി.

തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ അനുവദിക്കാനാവില്ലെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. മറ്റ് തീര്‍ത്ഥാടകര്‍ക്ക് ലഭിക്കുന്ന എല്ലാ സുരക്ഷയും തൃപ്തിക്ക് ലഭിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. നംവബര്‍ 17ന് ശബരിമലയില്‍ ദര്‍ശനം നടത്തുമെന്നാണ് തൃപ്തി ദേശായിയും സംഘവും അറിയിച്ചത്.

ദര്‍ശനത്തിനിടെ തനിക്കും സംഘത്തിനും പ്രത്യേക സുരക്ഷ അനുവദിക്കണമെന്ന് വ്യക്തമാക്കി തൃപ്തി മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ശബരിമലയില്‍ എത്തിയാല്‍ കാലുവെട്ടുമെന്ന ഭീഷണി തനിക്കുണ്ടെന്നും അതിനാല്‍ എയര്‍പോര്‍ട്ട് മുതല്‍ സുരക്ഷ ഒരുക്കണമെന്നും അവര്‍ സര്‍ക്കാരിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

എയര്‍പോര്‍ട്ടില്‍ നിന്ന് കോട്ടയത്തേക്ക് പോയി അന്നവിടെ താമസിച്ച്‌ 17ന് രാവിലെ 5 മണിക്ക് പുറപ്പെട്ട് സന്നിധാനത്ത് 7 മണിയോടെ ദര്‍ശനം നടത്തുമെന്നാണ് കത്തില്‍ പറയുന്നത്. ഇവരുടെ സംഘത്തിന്‍റെ യാത്രയ്ക്കും താമസത്തിനും സുരക്ഷയ്ക്കും വേണ്ട എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്ന കാര്യവും ഇവര്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. എന്നാല്‍ പ്രത്യേക സുരക്ഷ അനുവദിക്കാനവില്ലെന്നാണ് പൊലീസ് ഇപ്പോള്‍ അറിയിച്ചത്.

prp

Related posts

Leave a Reply

*