പത്തനംതിട്ട: ശബരിമലയില്‍ ഏല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബിന്ദുവും കനകദുര്‍ഗയും ശബരിമല ദര്‍ശനം നടത്തി. ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്.
മഫ്തി പൊലീസിന്‍റെ സുരക്ഷയിലായിരുന്നു ഇരുവരും ദര്‍ശനം നടത്തിയത്. പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഇരുവരും മുഖം മറച്ചിരുന്നു. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ശബരിമലയില്‍ നട തുറക്കുന്നത്. യുവതികള്‍ മലകയറിയത് പൊലീസ് സ്ഥിരീകരിച്ചു.
പൊലീസ് സംരക്ഷണയിലാണ് ദര്‍ശനം നടത്തിയതെന്നും പമ്പയില്‍ എത്തിയ ശേഷമാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതെന്നും ബിന്ദു പറഞ്ഞു. പമ്പയില്‍ നിന്ന് സന്നിധാനം വരെയുള്ള പാതയില്‍ ഏതാനും ഭക്തര്‍ തങ്ങളെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ പ്രതിഷേധമൊന്നും ഉണ്ടായില്ല. ഭക്തര്‍ മാത്രമേ സന്നിധാനത്ത് ഉണ്ടായിരുന്നുള്ളൂ. പൊലീസ് പിന്‍തിരിപ്പിക്കാന്‍ ശ്രമം നടത്തിയില്ല.
Yes, Women entered Sabarimala
Posted by Maitreya Maitreyan on Tuesday, January 1, 2019
പതിനെട്ടാംപടി വഴിയല്ല, വിഐപി ലോഞ്ച് വഴിയാണ് സന്നിധാനത്ത് എത്തിയത്. 1.30ന് പമ്പയില്‍ നിന്ന് പുറപ്പെട്ടു. 3.30ന് സന്നിധാനത്തെത്തി. സുരക്ഷിതമായി മലയിറങ്ങാന്‍ സാധിച്ചു. സ്ത്രീ വേഷത്തില്‍ത്തന്നെയാണ് ദര്‍ശനം നടത്തിയതെന്നും ബിന്ദു വ്യക്തമാക്കി. ഇന്നലെ സുരക്ഷ ആവശ്യപ്പെട്ട് ഇവര്‍ പൊലീസിനെ സമീപിച്ചിരുന്നു. ബുദ്ധിമുട്ട് ഉണ്ടെന്ന് അറിയിച്ചെങ്കിലും സ്വന്തം നിലയ്ക്ക് പോകുമെന്ന് ഇവര്‍ അറിയിക്കുകയായിരുന്നു. അതേസമയം, ഇരുവരും ദർശനം നടത്തിയോ ഇല്ലയോയെന്ന് സ്ഥിരീകരിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ അറിയിച്ചു.
കഴിഞ്ഞ ഡിസംബര്‍ 24 നാണ് ഇതിനുമുമ്പ് ഇരുവരും ദര്‍ശനത്തിനെത്തിയത്. കോഴിക്കോട്, മലപ്പുറം സ്വദേശികളായ ബിന്ദുവും കനകദുര്‍ഗയും കഴിഞ്ഞ ഡിസംബര്‍ 24 നാണ് ഇതിനുമുമ്പ് ദര്‍ശനത്തിനെത്തിയത്. എന്നാല്‍ അന്ന് അയ്യപ്പ കര്‍മ്മസമിതിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇരുവര്‍ക്കും സന്നിധാനത്തിന് മുക്കാല്‍ കിലോമീറ്റര്‍ മുമ്പ് വച്ച് തിരിച്ചിറങ്ങേണ്ടി വന്നു. പിന്നീട് ഇരുവരും പൊലീസ് സംരക്ഷണയിലായിരുന്നു. ബിന്ദുവിനെ കാണാനില്ലെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം സഹോദരന്‍ പരാതി കൊടുത്തിരുന്നു.
ശബരിമലയിലെ തിരക്ക് കണക്കിലെടുത്ത് ഇരുവർക്കും സുരക്ഷ നൽകാനാകില്ലെന്നായിരുന്നു പൊലീസ് നേരത്തെ പറഞ്ഞിരുന്നത്. ഒന്നേകാൽ ലക്ഷത്തോളം ഭക്തർ എത്തുന്ന സ്ഥലത്ത് രണ്ടു പേർക്ക് മാത്രമായി സുരക്ഷ നൽകിയാൽ ഉണ്ടാകുന്ന തിരക്ക് മൂലം മറ്റ് ഭക്തർക്കുണ്ടാകുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാൽ തിരക്ക് കുറവുള്ള ദിവസം യാത്ര ചെയ്താൽ സുരക്ഷ നൽകാമെന്നും പൊലീസ് അറിയിച്ചിരുന്നു.

