കൊച്ചി : ശിക്ഷ സസ്‌പെന്‍ഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പതിമൂന്നാം പ്രതി പി.കെ. കുഞ്ഞനന്തന്‍. ഈ ആവശ്യമുന്നയിച്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിരിക്കുകയാണ് കോടതി.
ശിക്ഷ സസ്‌പെന്‍ഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്നും ഇതുവരെ ആറ് വര്‍ഷവും ഏഴു മാസവും തടവ് അനുഭവിച്ചു കഴിഞ്ഞെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗമായ കുഞ്ഞനന്തനെ 2012 ലാണ് വിചാരക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.
തടവിലിരിക്കെ ശസ്ത്രക്രിയ വേണ്ടി വന്നു. നട്ടെല്ലില്‍ കഴുത്തിന്‍റെ ഭാഗത്ത് തേയ്മാനം ഉണ്ട്. ആര്‍ത്രൈറ്റിസ് രോഗം കലശലാണ്. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ ചികിത്സ തേടി. നട്ടെല്ലിലെ ഡിസ്‌ക് തേയ്മാനത്തിന് ശസ്ത്രക്രിയ വേണമെന്നും ഹര്‍ജിയില്‍ പറയുന്നു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ മൂന്നു പശുക്കള്‍ അജ്ഞാത രോഗത്താല്‍ ചത്തിരുന്നു. ഇവയുടെ പാല്‍ ഉപയോഗിച്ചിരുന്നതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണാര്‍ത്ഥം മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. ആരോഗ്യനില അനുദിനം വഷളാകുകയാണെന്നും ഹര്‍ജിയിലുണ്ട്.
പി.കെ. കുഞ്ഞനന്തന് അനധികൃതമായി പരോള്‍ അനുവദിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്‍റെ ഭാര്യ കെ.കെ. രമ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സര്‍ക്കാരും ജയില്‍ വകുപ്പും ചേര്‍ന്ന് കുഞ്ഞനന്തന് നിയമ വിരുദ്ധമായി പരോള്‍ നല്‍കുന്നതായാണ് രമയുടെ ആരോപണം.

