കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരിൽ കോട്ടയം സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച കോട്ടയത്ത് ഹർത്താലിന് ആഹ്വാനം. സിഎസ്ഡിഎസ് എന്ന സംഘടനയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നേരത്തെ ബിജെപി കോട്ടയം ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിഎസ്ഡിഎസ് സംസ്ഥാന ഹർത്താൽ പ്രഖ്യാപിച്ചത്. സംഭവത്തിൽ പോലീസിനെതിരേ പ്രതിഷേധം ഇരന്പുകയാണ്. അതിനിടെ കെവിന്‍റെ മൃതദേഹത്തിന് മുന്നിലും സംഘർഷമുണ്ടായി.മൃതദേഹത്തിന്‍റെ ഇൻക്വസ്റ്റ് നടപടികൾ ആർഡിഒയുടെയോ കളക്ടറുടെയോ സാന്നിധ്യത്തിൽ നടത്തണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് പ്രവർത്തകരെ സിപിഎമ്മുകാർ മർദ്ദിച്ചു. തഹസിൽദാരുടെ നേതൃത്വത്തിൽ തന്നെ ഇൻക്വസ്റ്റ് നടക്കട്ടെ എന്ന വാദമായിരുന്ന സിപിഎമ്മുകാർ ഉയർത്തിയത്. ഈ തർക്കത്തിനിടെയാണ് ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടായത്.
പുനലൂരിന് പത്ത് കിലോമീറ്റർ അകലെ ചാലിയക്കര തോട്ടിലാണ് കെവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ക്രൂരമർദ്ദനത്തിന് ഇരയായി മരിച്ച യുവാവിന്‍റെ മൃതദേഹം രാവിലെ മുതൽ തോട്ടുവക്കിൽ കിടത്തിയിരിക്കുകയാണ്. കനത്ത മഴയും പ്രദേശത്തുണ്ട്. സംസ്ഥാനം മുഴുവൻ പ്രതിഷേധം ഉയരുമ്പോഴും മൃതദേഹത്തിന്‍റെ ഇൻക്വസ്റ്റ് നടപടികൾ പോലും തുടങ്ങാൻ വൈകുകയാണ്. വലിയ പോലീസ് സാന്നിധ്യവും പ്രദേശത്തുണ്ട്. കെവിന്‍റെ ബന്ധുക്കളും സ്ഥലത്ത് എത്തിയിട്ടുണ്ട്.

