തൊടുപുഴ കൊലപാതകത്തിന് പിന്നില്‍ ദുര്‍മന്ത്രവാദം?

തൊടുപുഴ: വണ്ണപ്പുറത്ത് നാലംഗ കുടുംബത്തെ കൊന്നുകുഴിച്ചുമൂടിയ സംഭവത്തിനു ദുര്‍മന്ത്രവാദവുമായി ബന്ധമുണ്ടെന്ന് സംശയം. വണ്ണപ്പുറം മുണ്ടന്‍മുടി കാനാട്ടുവീട്ടില്‍ കൃഷ്ണന്‍കുട്ടി (52), ഭാര്യ സുശീല(50) മക്കളായ ആര്‍ഷ(21), അര്‍ജുന്‍ (18) എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തിനാണ് ദുര്‍മന്ത്രവാദവുമായി ബന്ധമുണ്ടോയെന്ന സംശയം ഉയര്‍ന്നിരിക്കുന്നത്.

കൊല്ലപ്പെട്ട കൃഷ്ണന്‍കുട്ടിക്ക് വീട്ടില്‍ മന്ത്രവാദ പരിപാടികള്‍ ഉണ്ടായിരുന്നതായി ബന്ധുക്കളും നാട്ടുകാരും പറയുന്നു. അതുകൊണ്ടുതന്നെ ഇവരുമായി നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും യാതൊരു അടുപ്പവുമില്ലായിരുന്നു. ഒരു കുഴിയില്‍ ഒന്നിനു മുകളില്‍ മറ്റൊന്നായിട്ടാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ഒറ്റപ്പെട്ട ഈ വീട്ടിലേക്കു മെയിന്‍ റോഡില്‍നിന്നു നടന്നുപോകാനുള്ള പാത മാത്രമേ ഉണ്ടായിരുന്നുള്ളൂ.

മന്ത്രവാദവും മറ്റു കാര്യങ്ങളുമൊക്കെ ആയതിനാല്‍ ഇവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ചു അയല്‍ക്കാരും അന്വേഷിച്ചിരുന്നില്ല. ഈ വീടുമായി അടുപ്പമുണ്ടാക്കാന്‍ നാട്ടുകാരില്‍ പലര്‍ക്കും ഭയമായിരുന്നുവെന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. മന്ത്രവാദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഈ വീട്ടില്‍ അപരിചിതരായ ആളുകള്‍ എത്തിയിരുന്നതായി സൂചനയുണ്ട്. രാത്രിയില്‍ കാറിലും മറ്റും ആളുകള്‍ ഇവിടെ വന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു.

ഇവരുടെ വീടിന്‍റെ ജനാലച്ചില്ലുകളില്‍ വെളിച്ചം ഉള്ളിലേക്കു കടക്കാത്ത വിധം പ്ലാസ്റ്റിക് കൊണ്ട് മറച്ചനിലയിലാണ്. ഇതു മന്ത്രവാദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു വേണ്ടിയാണോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ക്കായി ഇവരെ സമീപിച്ചവരുമായുണ്ടായ പ്രശ്‌നങ്ങള്‍ ആണോ കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അമ്മയെയും മകളെയും കുത്തിക്കൊലപ്പെടുത്തിയ നിലയിലും അച്ഛനെയും മകനെയും തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിലുമാണെന്നു പോലീസ് പറയുന്നു. ആര്‍ഷ ബിഎഡ് വിദ്യാര്‍ഥിനി ആയിരുന്നു.

prp

Related posts

Leave a Reply

*