തിരുവനന്തപുരം: കേരളത്തില്‍ മഴ ശക്തമാകുകയാണ്. ദിവസങ്ങളായി തുടരുന്ന മഴ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിക്കുന്നത്.
അറബിക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെയാണ് മഴ ശക്തമായത്.കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിവരം. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. കേരളം, കന്യാകുമാരി, ലക്ഷദ്വീപ്, കര്‍ണാടകം തീരങ്ങളില്‍ 30 വരെ മീന്‍പിടിക്കാന്‍ പോകരുതെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
ചിലസ്ഥലങ്ങളില്‍ ഒരു ദിവസത്തിനകം 12 മുതല്‍ 20 സെന്റിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം, മെയ് 29 മുതല്‍ 31 വരെ ശക്തമായ മഴയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്.ന്യൂനമര്‍ദ്ദം ഇപ്പോള്‍ ശക്തി കുറഞ്ഞ സ്ഥിതിയിലാണെങ്കിലും രണ്ട് ദിവസത്തിനകം തന്നെ ശക്തി പ്രാപിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
അതേസമയം, ഇത് ചുഴലിക്കാറ്റായി മാറുമോ എന്ന് അറിയില്ല. കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.അതേസമയം, തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കൂടുതല്‍ മുന്നേറിയിട്ടുണ്ട്. അടുത്ത 48 മണിക്കൂറില്‍ കൂടുതല്‍ മുന്നേറി കേരളാതീരത്ത് എത്താനുള്ള സാധ്യതയുണ്ട്.

