നൂറു ശതമാനം വിവിപാറ്റുകളും എണ്ണണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: നൂറു ശതമാനം വിവിപാറ്റുകളും എണ്ണണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ചെന്നൈയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.

ഇഷ്ടമുള്ള സര്‍ക്കാരിനെ തിരഞ്ഞെടുക്കാന്‍ ജനങ്ങളെ അനുവദിക്കൂവെന്ന് ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞു. മാത്രമല്ല ഇത്തരം ആവശ്യവുമായി ഹര്‍ജിക്കാര്‍ ശല്യം ചെയ്യുകയാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.അന്‍പതു ശതമാനം വിവിപാറ്റ് എണ്ണണമെന്നാവശ്യം തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയതിനെ തുടര്‍ന്ന് പ്രതിപക്ഷം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ചു വിവിപാറ്റിലെ രസീതുകള്‍ എണ്ണാമെന്നായിരുന്നു കോടതി ഉത്തരവ്.

പുനപരിശോധന ഹര്‍ജി നല്‍കിയെങ്കിലും കോടതി അംഗീകരിച്ചില്ല. ഇതേ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. വിവിപാറ്റ് എണ്ണുന്നത് സംബന്ധിച്ച്‌ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഇത്തരം ആവശ്യം അംഗീകരിക്കില്ല എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

പലയിടത്തും വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ മുഴുവന്‍ വിവിപാറ്റുകളും എണ്ണിയാല്‍ മാത്രമേ കൃത്യമായ രീതിയില്‍ വോട്ടെണ്ണി തിട്ടപ്പെടുത്താന്‍ കഴിയുകയുള്ളൂ എന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍, സുപ്രീം കോടതിയുടെ അവധിക്കാല ബഞ്ചാണ് ആവശ്യം തള്ളിയിരിക്കുന്നത്.

നേരത്തെ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് ഓരോ നിയോജക മണ്ഡലത്തിലെയും അഞ്ച് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റ് ബന്ധപ്പെടുത്തി നോക്കിയാല്‍ മതിയെന്ന് ഉത്തരവിട്ടിരുന്നു. ആ ഉത്തരവ് നിലനില്‍ക്കെ വീണ്ടും ഇത് പരിഗണിക്കാന്‍ കഴിയില്ല എന്നും കോടതി വ്യക്തമാക്കി.

prp

Leave a Reply

*