സ്റ്റേഷനില്‍ ചെന്ന് അധികം ഷോ വേണ്ട! തിരിച്ചറിഞ്ഞില്ലെന്ന പേരില്‍ പാറാവുനിന്ന വനിത പൊലീസിനെ ശിക്ഷിച്ച കൊച്ചി ഡിസിപിക്ക് താക്കീത്

കൊച്ചി : മഫ്തി വേഷത്തില്‍ എത്തിയത് തിരിച്ചറിയാതെ തന്നെ തടഞ്ഞ വനിതാപൊലീസിനെ ട്രാഫിക്കിലേക്ക് സ്ഥലം മാറ്റിയ കൊച്ചി ഡി സി പിക്ക് താക്കീത്. അടുത്തിടെ ചുമതലയേറ്റ ഡി സി പി ഐശ്വര്യ ഡോംഗ്രേയുടെ നടപടി ഏറെ വിവാദമാകുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ സ്‌റ്റേഷനിലുള്ളിലേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അതിനാലാണ് മഫ്തിയില്‍ എത്തിയ ഡി സി പിയെ പാറവ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഉദ്യോഗസ്ഥ തടഞ്ഞു നിര്‍ത്തി വിവരങ്ങള്‍ ആരാഞ്ഞത്.

എന്നാല്‍ ഔദ്യോഗിക വാഹനത്തില്‍ എത്തിയിട്ടും തന്നെ മനസിലാക്കാന്‍ പാറാവ് ജോലിക്ക് നിയോഗിച്ച ഉദ്യോഗസ്ഥയ്ക്കായില്ല എന്ന കുറ്റം ചുമത്തിയാണ് ഡി സി പി ഐശ്വര്യ ഡോംഗ്രേ പാറാവുകാരിയെ രണ്ട് ദിവസം ടാഫിക്കിലേക്ക് സ്ഥലം മാറ്റിയത്. ഡി സി പിയുടെ ഈ ശിക്ഷാരീതിയോട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കടുത്ത അമര്‍ഷമുണ്ടായിരുന്നു. അടുത്തിടെ മാത്രം ചുമതലയേറ്റ ഉദ്യോഗസ്ഥ യൂണിഫോമില്‍ അല്ലാതെ എത്തിയാല്‍ എങ്ങനെ തിരിച്ചറിയുമെന്നാണ് ഇവരുടെ ചോദ്യം. കൊവിഡ് കാലത്ത് കൃത്യമായ പരിശോധനകളില്ലാതെ സന്ദര്‍ശകരെ പ്രവേശിപ്പിച്ചാല്‍ അത് കൃത്യവിലോപമാകില്ലേയെന്നുമാണ് പൊലീസുകാര്‍ ചോദിക്കുന്നത്.

സംഭവം ഏറെ വിവാദമായതോടെ ഇപ്പോള്‍ ഡി സി പിയെ ആഭ്യന്തര വകുപ്പ് താക്കീത് ചെയ്തു എന്ന വിവരമാണ് പുറത്ത് വരുന്നത്. ആവശ്യത്തിലേറെ ജോലിത്തിരക്കുള്ള കൊച്ചി സിറ്റി പരിധിയിലുള്ള സ്റ്റേഷനുകളില്‍ ചെന്ന് ഇത്തരത്തില്‍ പെരുമാറരുതെന്നാണ് മുന്നറിയിപ്പ്. സംഭവത്തെക്കുറിച്ച്‌ വിശദമായ റിപ്പോര്‍ട്ട് സ്‌പെഷല്‍ ബ്രാഞ്ച് സര്‍ക്കാരിലേക്ക് കൈമാറിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന സമയമായതില്‍ പൊലീസിന് നെഗറ്റീവായ യാതൊരു സംഭവവും വച്ചുപൊറുപ്പിക്കില്ല എന്ന സന്ദേശമാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളത്.

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫിസര്‍ കൂടിയായ ഐശ്വര്യയുടെ പെരുമാറ്റം അതിരു കടന്നതായിയെന്ന് മേലുദ്യോഗസ്ഥരുടെയും വിലയിരുത്തി. കൊച്ചി സിറ്റി പൊലീസില്‍ ചുമതലയേറ്റിട്ട് പത്തു ദിവസം പോലും ആകാത്ത ഉയര്‍ന്ന ഉദ്യോഗസ്ഥയെ സിവില്‍ പൊലീസ് ഓഫിസര്‍ എങ്ങനെ തിരിച്ചറിയുമെന്ന ചോദ്യം ന്യായമാണെന്ന് സര്‍ക്കാര്‍ കരുതുന്നു. പൊലീസുകാരുമായി കൂടിക്കാഴ്ചയോ പരേഡ് പരിശോധനയോ ഒന്നും നടത്താനും സമയം കിട്ടിയിട്ടില്ല. ഈ സാഹചര്യത്തില്‍ മേലുദ്യോഗസ്ഥയെ തിരിച്ചറിഞ്ഞില്ലെന്നു പറയുന്നതില്‍ ന്യായമില്ലെന്ന വാദം ശരിയാണ്. ഔദ്യോഗിക വാഹനത്തില്‍ എത്തിയത് തന്നെ തിരിച്ചറിയാനുള്ള അടയാളമായി ഡി സി പി പറയുന്നുണ്ടെങ്കിലും പാറാവ്കാരിക്ക് വാഹനം കാണാനായില്ലെന്ന വാദവും ഉയരുന്നുണ്ട്.

prp

Leave a Reply

*