ഇതാണ് ചെയ്യുന്നതെങ്കില്‍ ഞാന്‍ ഏകാധിപതിയാകും; മുന്നറിയിപ്പുമായി സ്റ്റാലിന്‍

ചെന്നൈ: തന്നെ ഏകാധിപതിയായ ഭരണാധികാരിയാക്കാന്‍ ശ്രമിക്കരുത് എന്ന മുന്നറിയിപ്പുമായി തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി എം കെ നേതാവുമായ എം കെ സ്റ്റാലിന്‍.

തന്റെ ഭരണത്തില്‍ ക്രമക്കേടുകളും അച്ചടക്കരാഹിത്യവും വര്‍ധിച്ചാല്‍ നടപടിയെടുക്കുന്നതിന് വേണ്ടി ‘ഏകാധിപതി’യായി മാറും എന്നാണ് എം കെ സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നാമക്കലില്‍ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു എം കെ സ്റ്റാലിന്‍.

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നിയമത്തിനും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കണം എന്നും നിയമം പാലിക്കാത്തവര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കും എന്നും സ്റ്റാലിന്‍ പറഞ്ഞു. ഞാന്‍ വളരെ ജനാധിപത്യപരമായി മാറി എന്ന് എന്റെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. എല്ലാവരുടെയും അഭിപ്രായം കേള്‍ക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതാണ് ജനാധിപത്യം. ആര്‍ക്കും എന്തും ചെയ്യാമെന്നതല്ല ജനാധിപത്യം, എം കെ സ്റ്റാലിന്‍ പറഞ്ഞു.

താന്‍ ആ വഴിക്ക് തിരിഞ്ഞിട്ടില്ല എന്നും എന്നാല്‍ അച്ചടക്കമില്ലായ്മയും ദുഷ്‌ചെയ്തികളും വര്‍ധിച്ചാല്‍ താന്‍ ഒരു ഏകാധിപതിയായി മാറുകയും നടപടിയെടുക്കുകയും ചെയ്യും എന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു. ഇത് തദ്ദേശ സ്ഥാപന പ്രതിനിധികളോട് മാത്രമായിട്ട് പറയുന്നതല്ല എന്നും എല്ലാവരോടും ആയിട്ടാണ് പറയുന്നത് എന്നും എം കെ സ്റ്റാലിന്‍ വ്യക്തമാക്കി.

മിസ് ഇന്ത്യയായി 21 കാരി സിനി ഷെട്ടി; വൈറല്‍ ചിത്രങ്ങള്‍ കാണാം

അതേസമയം തങ്ങളുടെ ചുമതലകള്‍ ഭര്‍ത്താക്കന്മാര്‍ക്ക് വിട്ടുകൊടുക്കരുത് എന്നും മുഖ്യമന്ത്രി സ്റ്റാലിന്‍ വനിതാ പ്രതിനിധികള്‍ക്ക് നിര്‍ദേശം നല്‍കി. നേരത്തെ, ഡിഎംകെ നേതാവ് എ രാജ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടും ‘സംസ്ഥാന സ്വയംഭരണം’ നല്‍കണമെന്നും സ്വതന്ത്ര രാജ്യം തേടാന്‍ അവരെ പ്രേരിപ്പിക്കരുത് എന്നും അഭ്യര്‍ത്ഥിച്ചിരുന്നു.

prp

Leave a Reply

*