പ്രമുഖനല്ല, ഒരു ഏട്ടനാണ്… പൊലീസുകാര്‍ തല്ലികൊന്ന ശ്രീജിവിന് നീതി കിട്ടണം

തിരുവനന്തപുരം: അയല്‍വാസിയെ പ്രണയച്ചതിന്‍റെ പേരില്‍ പൊലീസുകാര്‍ തല്ലികൊന്ന തന്‍റെ അനിയന് നീതി കിട്ടണം എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കല്‍ ശ്രീജിത്ത് എന്ന യുവാവ് നിരാഹാര സമരം ആരംഭിച്ചിട്ട്  764 ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു…

2015 മെയ് മുതലാണ് സഹോദരന്‍ ശ്രീജിത്ത് നിരാഹരമിരിക്കുന്നത്. ഇനിയും അയാള്‍ക്ക് നീതികിട്ടിയില്ലെങ്കില്‍ ഒരു മകനെ നഷ്ടപ്പെട്ട അമ്മയ്ക്ക് അവരുടെ മറ്റൊരു മകനെ കൂടി ബലി നല്‍കേണ്ടി വരും. അങ്ങനെയൊരവസ്ഥയ്ക്ക് അവസരമുണ്ടാക്കില്ലെന്നുറച്ച്‌ ഇപ്പോള്‍ ശ്രീജിത്തിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിന്‍ ശക്തമാകുന്നു. ഈ വിഷയം ചൂണ്ടികാട്ടിയത് ‘Human Being-മനുഷ്യന്‍’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പാണ്.  ‘#JusticeDelayedIsJusticedenied’ എന്ന ഹാഷ്ടാഗോടെയാണ് ഗ്രൂപ്പില്‍ ഈ പോസ്റ്റ് നല്‍കിയിരിക്കുന്നത്.

ഇവര്‍ രാഷ്ട്രീയഭേദമന്യേ ഒരുമിച്ച്‌ നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ ശ്രീജിത്തിന് പിന്തുണയര്‍പ്പിച്ച്‌ വീണ്ടും നിരവധിയാളുകള്‍ രംഗത്തുവന്നുകൊണ്ടിരിക്കുകയാണ് . ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും കൊടി പിടിക്കാതെ സിപിഎമ്മുകാരനും ബിജെപിക്കാരനും കോണ്‍ഗ്രസുകാരനുമൊക്കെ ഒരുമിച്ച്‌ തന്നെ ഈ വിഷയത്തില്‍ ഇടപെടുമെന്നാണ് സെക്രട്ടേറിയറ്റ് പടിക്കല്‍ ശ്രീജിത്തിനെ കാണാന്‍ എത്തിയ ഒരു യുവാവ് പ്രതികരിച്ചത്. ശ്രീജിവിന്റെ മരണം സ്വാഭാവികമല്ലെന്നും മറിച്ച്‌ പൊലീസ് നടത്തിയ കൊലപാതകമാണെന്നാണ് കുടുംബം ആദ്യം മുതല്‍ തന്നെ ആരോപിക്കുന്നത്.

അയല്‍ക്കാരിയായ യുവതിയുമായി ശ്രീജിവിനുണ്ടായിരുന്ന പ്രണയബന്ധമാണ് പൊലീസിന്‍റെ കൊടും ക്രൂരതയ്ക്ക് കാരണമെന്നാണ് കുടുംബത്തിന്‍റെ ആരോപണം. പരേതനായ ശ്രീധരന്‍-രമണി എന്നിവരുടെ മൂന്നു ആണ്‍മക്കളില്‍ എറ്റവും ഇളയവനായിരുന്നു കൊല്ലപ്പെട്ട ശ്രീജിവ്. അടുപ്പത്തിലായിരുന്ന അയല്‍വാസിയായ പെണ്‍കുട്ടിയുടെ അച്ഛനുമായി ശ്രീജിവ് വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് എറണാകുളത്തേക്ക് മൊബൈല്‍ റിപ്പയറിംങ്ങ് ഷോപ്പില്‍ ജോലിക്ക് പോവുകയുമായിരുന്നു. ഇതിനിടയിലാണ് പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചത്. എറണാകുളത്ത് ജോലി ചെയ്യുന്ന സമയത്ത് ശ്രീജിവ് വീട്ടുകാരുമായി പോലും അധികം സംസാരിച്ചിരുന്നില്ല.

2014 മെയ് 12ന് രാത്രി ഒരു സംഘം പൊലീസുകാര്‍ വീട്ടിലേക്ക് അതിക്രമിച്ച്‌ കടന്നു ശ്രീജിവിനെ അന്വേഷിക്കുകയായിരുന്നു. എന്താണ് കാര്യമെന്നാരാഞ്ഞ കുടുംബത്തോട് വെറും പെറ്റിക്കേസാണെന്നാണ് പൊലീസ് നല്‍കിയ വിശദീകരണം. ശ്രീജിവ് എത്തിയാല്‍ ഉടന്‍ തന്നെ സ്റ്റേഷനുമായി ബന്ധപ്പെടാന്‍ പറയണമെന്നും പറഞ്ഞ ശേഷമാണ് പൊലീസ് മടങ്ങിയത്. ഒരാഴ്ചയ്ക്ക് ശേഷം ശ്രീജിവിന്‍റെ സുഹൃത്ത് രാജീവ് ശ്രീജിവിനെ പൂവാറില്‍ വച്ച്‌ പൊലീസ് പിടികൂടിയെന്ന് ശ്രീജിത്തിനെ വിളിച്ച്‌ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനില്‍ അന്വേഷച്ചെങ്കിലും അവര്‍ക്ക് അറസ്റ്റിനെ കുറിച്ച്‌ ഒരു വിവരവും ഉണ്ടായിരുന്നില്ല.

പിന്നീട്  ശ്രീജിവിനെ മോഷണക്കേസില്‍ കുടുക്കി അകത്താക്കിയിരിക്കുകയാണെന്ന് മനസിലായി. 2014 മെയ് 21നാണ് ശ്രീജിവ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ച്‌ മരിക്കുന്നത്. വിഷം കഴിച്ചു മരിച്ചു എന്ന പ്രസ്താവന വിശ്വാസ്യതയില്ലാത്തതായിരുന്നു. ദേഹമാസകലം മര്‍ദ്ദനം ഏറ്റ പാടും വീര്‍ത്തു വിങ്ങിയ വൃഷണങ്ങളുമായാണ് ശ്രീജീവിന്‍റെ  മൃതദേഹം കുടുംബക്കാര്‍ ലഭിക്കുന്നത്.

അനുജന്‍റെ കസ്റ്റഡി മരണം സി.ബിഐ യെക്കൊണ്ട് അന്വേഷിപ്പിക്കാനും പ്രതികളെ കണ്ടെത്തി ശിക്ഷിക്കാനും, കൂടെ ഇനിയാര്‍ക്കും ഈ ദുര്‍ഗതി വരാതിരിക്കാനായി ശക്തമായ നിയമസംവിധാനം കസ്റ്റഡിമരണകേസുകളില്‍ കൊണ്ടുവരാനും കൂടിയാണ് ഈ ശ്രീജിത്ത് തന്‍റെ ആകെയുള്ള സ്വത്തായ സ്വന്തം ജീവന്‍ പണയപ്പെടുത്തി സമരത്തില്‍ തുടരുന്നത്.

മരണം വരെ സമരം ചെയ്യിപ്പിക്കുകയല്ല വേണ്ടത്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ നീതി വാങ്ങിക്കൊടുക്കുകയാണ് വേണ്ടത്….

 

prp

Leave a Reply

*