ബിജുവിനിഷ്ടമാണെങ്കില്‍ ഇനിയും ചെരുപ്പഴിചോട്ടെ…

നമ്മുടെ കേരളത്തില്‍ ആളുകള്‍ പലവിധ ജോലികള്‍ ചെയ്ത് ജീവിക്കുന്നുണ്ട്. ഓരോ ജോലിയ്ക്കും അതിന്‍റേതായ മാന്യതയുണ്ട്, പ്രത്യേകിച്ചും ജോലി ചെയ്യാതെ പരാന്നഭോജികളായി ജീവിക്കുന്ന ആളുകള്‍ ധാരാളമുള്ള നമ്മുടെ നാട്ടില്‍. ജോലിയുടെ പേരില്‍ ആളുകളെ മേലാളരും കീഴാളരുമായി വേര്‍തിരിച്ചു കാണുന്ന തൊഴില്‍ പരമായ ഒരു ചാതുര്‍വര്‍ണ്യം നാം അറിയാതെ നമ്മില്‍ തന്നെ രൂഢമൂലമാണ്. ഇതിന്‍റെ പശ്ചാത്തലത്തില്‍ വേണം നമ്മുടെ നിയമസഭാ സ്പീക്കര്‍ എന്‍. ശക്തന്‍ തന്‍റെ ചെരുപ്പിന്‍റെ വാറ് അദ്ദേഹത്തിന്‍റെ പേര്‍സണല്‍ അസ്സിസ്റ്റന്‍റും ഡ്രൈവറുമായ ബിജുവിനെകൊണ്ട് അഴിപ്പിച്ച സംഭവത്തെ നോക്കി കാണാന്‍. വിദേശ രാജ്യങ്ങളില്‍, പ്രത്യേകിച്ചും യൂറോപ്യന്‍ രാജ്യങ്ങളില്‍ തൊഴില്‍ പരമായ ഈ വിവേചനം വളരെ കുറവാണ്.

ഓരോ ജോലിയിലും എന്തെല്ലാമാണ് ചെയ്യേണ്ടതെന്ന് അതേറ്റെടുക്കുമ്പോള്‍ തന്നെ നമുക്ക് അറിയാവുന്നതാണ്. തന്‍റെ ജോലിയോട് കൂറും മാന്യതയും പുലര്‍ത്തി ജോലി ചെയ്യുന്നവരാണ് ബഹുഭൂരിപക്ഷവും. പക്ഷെ സ്വമേധയോ അല്ലാതെയോ മറ്റു ചിലര്‍ ആശ്രിതഭാവത്തോടെ നിലനില്‍പ്പിനായോ, കാര്യം സാധിച്ചു കിട്ടാനായോ മേലുദ്യോഗസ്ഥരെ സുഖിപ്പിച്ചും പ്രീണിപ്പിച്ചും ജോലി ചെയ്യുന്നും ഉണ്ട്.  ഇതിനോട് സാമ്യം തോന്നാവുന്ന ഒരുവാര്‍ത്തയാണ് നിയമസഭാn-sakthan സ്പീക്കര്‍ എന്‍. ശക്തനുമായി ബന്ധപ്പെട്ട ചെരുപ്പ് വിവാദം. സ്വന്തം പദവി ദുരുപയോഗിച്ച് തന്‍റെ ഡ്രൈവറുടെ തൊഴിലിന്‍റെ മാന്യതയ്ക്ക് നിരക്കാത്ത പ്രവര്‍ത്തി അയാളെക്കൊണ്ട് ചെയ്യിച്ചത് തികച്ചും അപലപനീയവും കാടത്തവുമാണ്.  എന്നാല്‍ ഇതിനൊരു മറുവശവും ഉണ്ട്.

ഒരു ഡ്രൈവര്‍ എന്ന നിലയില്‍ മാന്യമായി ജോലി ചെയ്യുന്നതിന് എന്തെങ്കിലും ബുദ്ധിമുട്ടോ തടസ്സമോ നേരിടേണ്ടി വന്നാല്‍ അതിനെതിരെ പരാതിപ്പെടാന്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്നാല്‍ ഇത് വരെ ശ്രീ ബിജു അങ്ങനെ ഒരു പരാതിയും എവിടെയും നല്‍കിയതായി അറിവില്ല. തന്‍റെ തൊഴിലിന്‍റെ ഭാഗമല്ലെങ്കിലും തന്‍റെ ബന്ധുവും, മേലുദ്യോഗസ്തനുമായ സ്പീക്കറുടെ ആരോഗ്യനില കണക്കിലെടുത്ത് ബിജു സ്വയം സന്മനസോടെ ചെയ്ത ഒരു പ്രവര്‍ത്തി ആയിരുന്നു അതെങ്കില്‍ അത് വിവാദമാക്കിയ ആളുകളുടെ പ്രവര്‍ത്തി തീര്‍ത്തും അനുചിതമാണ്.

മനുഷ്യത്വത്തിന്‍റെ പേരില്‍ രോഗബാധിതനായ ഒരാളെ സ്വമേധയ സഹായിക്കുവാനായി മാത്രം ചെയ്ത ഒരു കാര്യമാണിതെങ്കില്‍ ഇതിന് ഇത്രയും വലിയ വാര്‍ത്ത പ്രാധാന്യം നല്‍കുന്നത് എന്തിനാണെന്ന് നാം പരിശോധിക്കേണ്ടിയിരിക്കുന്നു.09tvgmn01_Sakht_10_2336339e

ഈ വിഷയത്തില്‍ സ്പീക്കറുടെ പ്രതികരണം നമുക്ക് ലഭിച്ചു എങ്കിലും ശ്രീ ബിജുവിന്‍റെതായ പ്രതികരണത്തിന് വാര്‍ത്താപ്രാധാന്യം ലഭിച്ചില്ല. ബിജുവിനിഷ്ടമാണെങ്കില്‍ ബിജു ഇനിയും ചെരുപ്പഴിച്ചോട്ടെ. 

ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചുകൊണ്ടുള്ള നിര്‍ബന്ധിത സേവനത്തിന് ആരെങ്കിലും വിധേയരാക്കപ്പെടുന്നുണ്ടെങ്കില്‍ അത്തരം ചൂഷണങ്ങളില്‍ നിന്നും എങ്ങനെ മോചനം നേടണമെന്ന് അവരെ നാം ബോധവല്‍ക്കരിക്കേണ്ടിയിരിക്കുന്നു. പോലിസ് സ്റ്റേഷന്‍ മുതല്‍ മനുഷ്യാവകാശ കമ്മീഷനും കോടതികളും വരെയുള്ള നമ്മുടെ നീതിന്യായ വ്യവസ്ഥയെ വിശ്വാസത്തില്‍ എടുത്തുകൊണ്ട് ജീവനക്കാര്‍ തങ്ങളുടെ ആത്മാഭിമാനം സംരക്ഷിക്കുവാന്‍ സ്വമേധയ ഇറങ്ങിത്തിരിക്കാതെ ഇത്തരം സംഭവങ്ങള്‍ക്ക് അറുതി വരുത്തുവാന്‍ നമുക്ക് സാധിക്കുകയില്ല. അങ്ങനെയൊരാള്‍ മുന്നിട്ടിറങ്ങിയാല്‍ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളും മാധ്യമങ്ങളും അതിന് എല്ലാവിധ പിന്തുണയും നല്‍കും എന്ന്‍ നിസ്സംശയം പറയാം.

prp

Leave a Reply

*