സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ‘കുടിയേറ്റ മുസ്ലീങ്ങള്‍ ജനസംഖ്യ നിയന്ത്രിക്കണം’; അസം മുഖ്യമന്ത്രി

ഗുവാഹാത്തി: കുടിയേറ്റക്കാരായ മുസ്ലീo വിഭാഗങ്ങള്‍ കുടുംബാസൂത്രണ നിയമങ്ങള്‍ പാലിക്കുകയും ജനസംഖ്യ നിയന്ത്രിക്കുകയും ചെയ്യുകയാണെങ്കില്‍ മാത്രമേ ഭൂമി കൈയേറ്റം പോലുളള സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുള്ളുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.

സംസ്ഥാനത്ത് ജനസംഖ്യ വര്‍ധനവ് തുടരുകയാണെങ്കില്‍ ഒരുദിവസം കാമാഖ്യക്ഷേത്രഭൂമിയും തന്റെ വീടുപോലും നഷ്ടപ്പെട്ടേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുവാഹത്തിയില്‍ നടന്ന ഒരു പത്രസമ്മേളനത്തില്‍ കൈയേറ്റത്തിനെതിരായ നടപടികളെ കുറിച്ചുളള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഹിമന്ത ബിശ്വ ശര്‍മ.

സെന്‍ട്രല്‍-ലോവര്‍ അസമിലെ ബംഗാളി സംസാരിക്കുന്ന മുസ്ലീം വിഭാഗത്തെ ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരായാണ് വിലയിരുത്തുന്നത് . അസമിലെ തദ്ദേശീയരെ കുടിയേറ്റക്കാരില്‍ നിന്ന് സംരക്ഷിക്കുമെന്നായിരുന്നു ഇക്കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രചാരണo .’കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ഞങ്ങള്‍ ജനസംഖ്യാനയം നടപ്പാക്കിയിട്ടുണ്ട്.

‘വനം, വൈഷ്ണ ആശ്രമങ്ങളുടെ ക്ഷേത്ര-ശാസ്ത്ര ഭൂമികള്‍ എന്നിവിടങ്ങളില്‍ കൈയേറ്റം അനുവദിക്കാനാവില്ല. പക്ഷേ വലിയ തോതിലുളള ജനസംഖ്യാ വര്‍ധനവാണ് ഇതിന് കാരണമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അപ്പുറത്തെ വശത്തെ സമ്മര്‍ദ്ദം ഞാന്‍ മനസ്സിലാക്കുന്നു. എവിടെയാണ് ജനങ്ങള്‍ താമസിക്കുക?

നമുക്ക് ജനസംഖ്യ നിയന്ത്രിക്കാന്‍ സാധിക്കുകയാണെങ്കില്‍ നിരവധി സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. കുടിയേറ്റ മുസ്ലീം വിഭാഗം മാന്യമായ കുടുംബാസൂത്രണ നിയമങ്ങള്‍ കൈക്കൊളളുകയാണെങ്കില്‍…ഇത് അവരോടുളള എന്റെ അഭ്യര്‍ഥനയാണ്.’ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു .

മുഖ്യമന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയപ്രേരിതമാണെന്നും ഒരു സമുദായത്തെ ലക്ഷ്യം വെച്ചുളളതാണെന്നും എ.ഐ.യു.ഡി.എഫ്. ജനറല്‍ സെക്രട്ടറിയും എംഎല്‍എയുമായ അനിമുള്‍ ഇസ്ലാം പറഞ്ഞു.

‘സംസ്ഥാന സര്‍ക്കാര്‍ ജനസംഖ്യ നയം രൂപപ്പെടുത്തിയപ്പോള്‍ ഞങ്ങളതിനെ ഒരിക്കലും എതിര്‍ത്തിട്ടില്ല. എന്നാല്‍ അദ്ദേഹം കുടിയേറ്റ മുസ്ലീങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്ന ജനവിഭാഗത്തിനിടയില്‍ എന്തുകൊണ്ടാണ് ജനസംഖ്യ വര്‍ധനവ് ഉണ്ടാകുന്നതെന്ന് കാണാന്‍ മുഖ്യമന്ത്രിക്ക് സാധിക്കാത്തത് നിര്‍ഭാഗ്യമാണ്. അതിന് പ്രധാനകാരണം ദാരിദ്ര്യവും നിരക്ഷരതയുമാണ്. ഇക്കാര്യത്തില്‍ തന്റെ പദ്ധതികളെന്താണെന്ന്‌അദ്ദേഹം വ്യക്തമാക്കിയിട്ടുമില്ല.’ അനിമുള്‍ ഇസ്ലാം വിശദമാക്കി .

ജനസംഖ്യ വര്‍ധനവ് പരിഹരിക്കുന്നതിനായി മുസ്ലീം ന്യൂനപക്ഷവുമായി പ്രത്യേകം പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.’ ശര്‍മ പറഞ്ഞു. ദാരിദ്ര്യം, ഭൂമി കൈയേറ്റം തുടങ്ങിയ സാമൂഹിക പ്രശ്‌നങ്ങള്‍ക്കുളള പ്രധാനകാരണം ജനസംഖ്യാവര്‍ധനവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

ജനസംഖ്യ വര്‍ധിപ്പിച്ച്‌ ഹിന്ദുക്കളുടെ എണ്ണം കുറച്ച്‌ 2030 ആകുമ്ബോഴേക്കും രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനാണ് മുസ്ലീങ്ങളുടെ ശ്രമമെന്ന രാജസ്ഥാന്‍ എംഎല്‍എ ബന്‍വാരി ലാല്‍ സിങ്‌ലാലിന്റെ പ്രസ്താവന വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു . മുസ്ലീങ്ങള്‍ 12-14 കുട്ടികള്‍ക്ക് ജന്മംനല്‍കുന്നു എന്നാല്‍ ഹിന്ദുക്കള്‍ തങ്ങളുടെ കുട്ടികളുടെ എണ്ണം ഒന്നിലോ രണ്ടിലോ ചുരുക്കുന്നു. എന്നാണ് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അദ്ദേഹം എഴുതിയത്.

prp

Leave a Reply

*