അഹമ്മദാബാദ്: ഗുജറാത്തില്‍ ആറാം വട്ടവും അധികാരത്തിലെത്തിയ ബിജെപി മുഖ്യമന്ത്രി സ്ഥാത്തേക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ രാജ്കോട്ടില്‍ മത്സരിച്ച് ജയിച്ച മുഖ്യമന്ത്രി വിജയ് രൂപാനിയെ ബിജെപി ഇത്തവണ മാറ്റിനിര്‍ത്തിയേക്കുമെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.
ഭരണവിരുദ്ധ വികാരമുള്ളതാണ് വിജയ് രൂപാണിക്ക് വിലങ്ങുതടിയായി നില്‍ക്കുന്നത്. മോദിയുടെ നേതൃത്വത്തിന്‍റെ അഭാവം ഗുജറാത്തിനെ ബിജെപിയില്‍ നിന്ന് അകറ്റുന്നു എന്നതും ജനപ്രീതിയുള്ള ആളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതിന് കാരണമെന്ന് കരുതുന്നു. എന്നാല്‍, അമിത് ഷായ്ക്ക് ഇതില്‍ വിരുദ്ധമായ അഭിപ്രായമാണെന്നാണ് സൂചന.
ഇത് ആറാം തവണയാണ് ഗുജറാത്ത് ഭരണം ബിജെപിയുടെ കൈയ്യില്‍ വരുന്നത്. എന്നാല്‍ ഇത്തവണ അത്ര സുഖകരമായിരുന്നില്ല ബിജെപിയുടെ ജയം. 115 സീറ്റുകളുണ്ടായിരുന്ന പാര്‍ട്ടിക്ക് ഇത്തവണ ലഭിച്ചത് 99 സീറ്റുകള്‍ മാത്രമാണ്. ഇതിന് പുറമെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് വലിയ മുന്നേറ്റം കാഴ്ച വയക്കുകയും ചെയ്തതും ബിജെപി നേതൃത്വത്തില്‍ ചര്‍ച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്.
മോദിക്കൊപ്പം ജനസമ്മിതിയുള്ള ആളെത്തന്നെയാണ് പാര്‍ട്ടി തിരയുന്നത്. ഇതാണ് സ്മൃതി ഇറാനിയിലേക്ക് എത്തിയത്. നിലവില്‍ കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രിയാണ് സ്മൃതി. എന്നാല്‍, വാര്‍ത്തയോട് ആരും ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. കേന്ദ്ര മന്ത്രിയായ മന്‍സുഖ് എല്‍ മന്ദവിയയാണ് പരിഗണന പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്.കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയുടെ പേരും പരിഗണനയിലുണ്ട്. നേരത്തെ, പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറെ ഗോവയില്‍ മുഖ്യമന്ത്രിയാക്കിയിരുന്നു. സമാനമായ നടപടിയാണ് വീണ്ടും പാര്‍ട്ടി സ്വീകരിക്കുക എന്നാണ് കരുതുന്നത്.

