സൈന്യം പരിശീലനം കടുപ്പിക്കും, അതിര്‍ത്തിയില്‍ യുദ്ധ തയ്യാറെടുപ്പ് പൂര്‍ണതോതിലാക്കും; പാര്‍ട്ടി കോണ്‍ഗ്രസില്‍ ഷി ജിന്‍പിങ്

ബെയ്ജിങ്: ചൈനീസ് സൈന്യം പരിശീലനം കടുപ്പിക്കുമെന്നും അതിര്‍ത്തിയില്‍ യുദ്ധത്തിനുള്ള തയാറെടുപ്പുകള്‍ പൂര്‍ണ തോതിലാക്കുമെന്നും പ്രസിഡന്റ് ഷീ ജിന്‍പിങ്.

ഏതു പോരിലും സൈന്യത്തന്റെ ജയം ഉറപ്പാക്കുമെന്ന്, പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് ഷി പറഞ്ഞു.

അറുപത്തിമൂന്നു പേജുള്ള റിപ്പോര്‍ട്ടില്‍ സൈന്യത്തിന്റെ നവീകരണത്തെക്കുറിച്ചു മാത്രം പ്രത്യേക വിഭാഗം ഷി ഉള്‍പ്പെടുത്തി. ചൈനീസ് സൈന്യത്തെ ലോകത്തെ ഏറ്റവും നിലവാരമുള്ള സേനയാക്കി മാറ്റുകയാണ് ലക്ഷ്യം. 2027ല്‍ നൂറാം വാര്‍ഷികത്തിലെത്തുന്ന സൈന്യത്തിന്റെ ശതാബ്ദി ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്ന്, ഓവറോള്‍ കമാന്‍ഡര്‍ കൂടിയായ ഷി പറഞ്ഞു.

തന്ത്രപരമായ പ്രതിരോധത്തിന് ശക്തമായ സംവിധാനം ചൈന സൃഷ്ടിക്കും. കാര്യക്ഷമമായ ആളില്ലാ യുദ്ധ സംവിധാനങ്ങള്‍ വികസിപ്പിച്ച്‌ സേനയെ നവീനയുഗത്തിലേക്കു പരിവര്‍ത്തനം ചെയ്യും. വിവര ശേഖര സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും പ്രസിഡന്റ് പറഞ്ഞു.

പുതിയ കാലത്തെ സൈനികരെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ പ്രതിരോധ സര്‍വകലാശാലകളിലും കോളജുകളിലും സമൂലമായ മാറ്റം കൊണ്ടുവരും. സൈന്യത്തിനു മേലുള്ള പാര്‍ട്ടി മേല്‍നോട്ടം കുറെക്കൂടി ശക്തമാക്കുമെന്നും, പാര്‍ട്ടി കോണ്‍ഗ്രസില്‍ ഷി പ്രഖ്യാപിച്ചു.

prp

Leave a Reply

*