സര്‍ക്കാര്‍ ആശുപത്രി ഫാര്‍മസികള്‍ കാലി; വലഞ്ഞ് സാധാരണക്കാര്‍; മരുന്ന് ക്ഷാമം പരിഹരിക്കാതെ ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മാസങ്ങളായി തുടരുന്ന മരുന്ന് ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാതെ ആരോഗ്യ വകുപ്പ്.

ജീവിതശൈലി രോഗങ്ങള്‍ക്കുള്‍പ്പടെ പലതിനും ഇപ്പോഴും മരുന്നുകള്‍ കിട്ടാനില്ല. ഓഗസ്റ്റ് ആദ്യവാരത്തോടെ മരുന്ന് ശേഖരണം പൂര്‍ത്തിയാകുമെന്ന് അറിയിച്ചിരുന്നെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാത്തതാണ് വൈകാന്‍ കാരണം.

സര്‍ക്കാര്‍ ആശുപത്രികളിലെ ഫാര്‍മസികളില്‍ കുറിപ്പുമായെത്തുന്നവര്‍ വെറും കൈയ്യോടെ മടങ്ങേണ്ട സാഹചര്യമാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മരുന്ന് ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടതായി ആരോഗ്യ മന്ത്രി അവകാശപ്പെടുമ്ബോഴും ഒട്ടുമിക്ക മരുന്നുകളും കിട്ടാനില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ടെണ്ടര്‍ നടപടികള്‍ വൈകിയത് പ്രതിസന്ധിയിലേക്ക് നയിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ മരുന്ന് വാങ്ങാനുള്ള ടെണ്ടര്‍ ഡിസംബറില്‍ വിളിച്ചിരുന്നു. ഫെബ്രുവരിയോടെ അന്തിമ പട്ടികയായി, മാര്‍ച്ചില്‍ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കി, ഏപ്രില്‍ പകുതിയോടെ മരുന്നുകളെത്തി തുടങ്ങും.

എന്നാല്‍ ഇത്തവണ ജൂണ്‍ പകുതിയോടെയാണ് ടെണ്ടര്‍ നടപടികളായത്. ഓഗസ്റ്റോടെ വിതരണം പൂര്‍ണ തോതിലാകുമെന്ന് അറിയിച്ചിരുന്നെങ്കിലും മരുന്ന് ശേഖരണം എങ്ങുമെത്തിയില്ല. മരുന്ന് കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്ന് ക്ഷാമമുള്ള ആശുപത്രികളിലേക്ക് മാറ്റി താത്കാലിക പരിഹാരം കാണാനുള്ള ശ്രമമാണ് ആരോഗ്യ വകുപ്പ് തുടരുന്നത്.

പേവിഷബാധയ്‌ക്കുള്ള മരുന്ന് സംഭരിക്കുന്നതിലും ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണ്. ഓറല്‍ ആന്റിബയോട്ടിക്കുകള്‍, ഇഞ്ചെക്ഷന്‍ കിറ്റ്, അമോക്‌സിലിന്‍ തുടങ്ങിയ മരുന്നുകള്‍ക്ക് കടുത്ത ക്ഷാമവും നിലവില്‍ നേരിടുന്നുണ്ട്.

prp

Leave a Reply

*