പുതുചിരിയുടെ സാള്‍ട്ട് മാംഗോ ട്രീ

‘വെള്ളിമൂങ്ങ’ മലയാള സിനിമയിലുണ്ടാക്കിയ പുതുചിരിയുടെ വെള്ളി വെളിച്ചം മായും മുന്‍പേ ബിജു മേനോന്റെയും ടീമിന്റെയും ക്യാപ്‌സൂള്‍ നര്‍മ്മം തീയ്യേറ്ററുകളില്‍ ‘സാള്‍ട്ട് മാംഗോ ട്രീ’യുടെ മുകളില്‍ കാണികളെ ആടിച്ചിരിപ്പിച്ചു തുടങ്ങി.
റിലീസ് ദിവസമായ വെള്ളിയാഴ്ച തന്നെ ‘സാള്‍ട്ട് മാംഗോ ട്രീ’ പാകത്തിന് ഉപ്പും പുളിയും ചേര്‍ത്തുണ്ടാക്കിയ വിഭവമാണെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം വിധിയെഴുതിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഏതാണ്ട് ഇതേ കാലയളവില്‍ പുറത്തിറങ്ങിയ ‘വെള്ളിമൂങ്ങ’ മലയാളികളുടെ മനസ്സില്‍ ശുദ്ധ നര്‍മ്മത്തിന്റെ അലകള്‍ തീര്‍ത്തുവെങ്കില്‍, സത്യത്തിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന മറ്റൊരു തമാശയുടെ മുഖപത്രവുമായാണ് ‘സാള്‍ട്ട് മംഗോ ട്രീ’യുടെ അഴിഞ്ഞാട്ടം. മലയാളത്തിനു ശ്രേഷ്ഠ ഭാഷാപദവി ലഭിച്ചതും മലയാളം സര്‍വ്വകലാശാല പിറന്നതും ഭരണഭാഷ മലയാളമാക്കിയതും ദൈവത്തിന്റെ നാടായ നമ്മുടെ കേരളത്തിലാണെങ്കിലും അതൊന്നും ശരിയായ ‘മലയാളി’കളെ ഏശിയിട്ടില്ലെന്നു വിളിച്ചു പറയുന്ന ചിത്രമാണിത്.

maxresdefault

മലയാളം പഠിക്കുന്നതും പഠിപ്പിക്കുന്നതും സംസാരിക്കുന്നതും വിലകുറഞ്ഞ ഏര്‍പ്പാടാണെന്നും ഇംഗ്‌ളീഷ് സംസ്‌കാരമേ മലയാളികളെ സമൂഹത്തിനു മുന്നില്‍ ഉയര്‍ത്തി നിര്‍ത്തുകയുള്ളുമെന്നുമുള്ള അബദ്ധ ധാരണ വച്ചു പുലര്‍ത്തുന്ന മലയാളികളെ വീണ്ടുവിചാരത്തിന് ഈ സിനിമ പരോക്ഷമായി പ്രേരിപ്പിക്കുന്നുണ്ട്. അന്ധമായ ഇംഗ്‌ളീഷ് പ്രേമക്കാര്‍ക്കുള്ള ഒരു താക്കീതും സിനിമയിലൊളിപ്പിച്ചു വച്ചിരിക്കുന്നു.

രാജേഷ് നായരെന്ന സംവിധായകന്റെ കൈയ്യൊതുക്കത്തോടെയുള്ള ജാഗ്രത ഈ ചിത്രത്തിനെ കാണികളുടെ മനസ്സില്‍ നിന്നും വഴുതിപ്പോകാതെ സൂക്ഷിക്കാന്‍ പ്രാപ്തമായി. സിനിമക്കു മുമ്പൊരു മുന്നൊരുക്കം ഈ സംവിധായകന്‍ നടത്തിയിരിക്കുന്നുവെന്നു വെളിവാക്കും വിധമാണ് കഥപറച്ചിലിന്റെ മുന്നേറ്റം. തിരക്കഥയൊരുക്കിയ വിനോദ് ജയകുമാറും വിനോദ് വിജയകുമാറും മലയാളസിനിമയുടെ തിരക്കഥാ രംഗത്തെ മറ്റൊരു ‘ജയവിജയ’ന്മാരാകുമെന്ന സൂചനയും ഈ സിനിമ നല്‍കുന്നു.

Barriers
ബിജുമേനോന്റെ നര്‍മ്മ സല്ലാപങ്ങള്‍ക്കൊപ്പം ഹരീഷും സൈജു കുറുപ്പും സുനില്‍ സുഖദയും പ്രദീപ് കോട്ടയവും സുധീര്‍ കരമനയും സരയൂവും പാരീസ് ലക്ഷ്മിയും എല്ലാം പിഴവില്ലാതെ അനുയാത്ര ചെയ്തിട്ടുണ്ട്. അതിഥി താരമായെത്തിയ സുഹാസിനിയുടെ സാന്നിദ്ധ്യവും ഈ ചിത്രത്തിന് മിഴിവേകി. അഭിനേതാക്കളുടെ ചടുലതകള്‍ക്കൊപ്പം കൂട്ടു നിന്ന വിഷ്ണു ശര്‍മ്മയുടെ ക്യാമറക്കണ്ണുകള്‍ ഈ ചിത്രത്തിന് നല്ലൊരു ബലമായി.
അബീഷ് വി. പി.യാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഗാനരചന അബ്ദുള്‍ വഹാബ്. സംഗീത സംവിധാനം ബിജി ബാല്‍.
‘സാള്‍ട്ട് മാംഗോ ട്രീ’യെന്ന പേര് ചിത്രം കണ്ടു കഴിയുമ്പോള്‍ മാത്രമേ പ്രേക്ഷകര്‍ ശരി വയ്ക്കുകയുള്ളു. പേരു വരുത്തി വയ്ക്കുന്ന തെറ്റിദ്ധാരണമൂലം സിനിമ കാണാന്‍ മനസ്സു വയ്ക്കാത്ത നല്ലൊരു വിഭാഗം പ്രേക്ഷകരുടെ അസാന്നിദ്ധ്യം ഈ ചിത്രത്തെ ഉലയ്ക്കുമോയെന്ന ഒരു സംശയം അസ്ഥാനത്തല്ല. അതിനുദാഹരണത്തിന് മലയാള സിനിമയില്‍ പഞ്ഞമില്ലല്ലോ.

-തങ്കച്ചന്‍ മരിയാപുരം

content courtesy: http://cinemapathram.com/
prp

Leave a Reply

*