ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവം; സംസ്ഥാനത്താകെ ആക്രമണം അ‍ഴിച്ചു വിട്ട് ബിജെപി-യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം.ബിജെപി-യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തുകയാണ്. പലയിടങ്ങളിലം കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്യുന്നു. തിരുവനന്തപുരത്ത് ബിജെപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ദൃശ്യങ്ങളെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായി.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലെ ബിജെപിയുടെ സമരപ്പന്തലിനടുത്ത് വലിയ തോതിലുള്ള പ്രതിഷേധമാണ് നടക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റശ്രമമുണ്ടായി. നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്. വലിയ പൊലീസ് സന്നാഹമാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്.

പൊലീസ് വലയം ഭേദിച്ച് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് ഉള്ളില്‍ കടന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനു സമീപത്ത് വരെയെത്തിയ നാലു പേരെ പിന്നീട് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകരയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിൽ ബിജെപി പ്രവർത്തകർ കരിങ്കൊടി കെട്ടി. കൊച്ചിയിലും പ്രതിഷേധ പ്രകടനം നടക്കുകയാണ്. കൊച്ചി കച്ചേരിപ്പടിയില്‍ റോഡ് ഉപരോധിക്കുന്നു.

കൊട്ടാരക്കരയില്‍ ബിജെപി-ആര്‍എസ്എസ്-ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിച്ചു. കൊല്ലം നഗരത്തില്‍ രാമന്‍കുളങ്ങരയില്‍ നിന്നു പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ സ്വകാര്യ ബസില്‍ യാത്ര ചെയ്ത ഒരാളെ ബസില്‍ കയറി തല്ലി. ഇതിന്‍റെ ചിത്രം പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകന് നേരെ കയ്യേറ്റമുണ്ടായി. ക്യാമറ പിടിച്ചുവലിച്ചു ലെന്‍സ് വലിച്ചെറിഞ്ഞു. കൊല്ലം ജില്ലയിലെ പരവൂർ, ശാസ്താംകോട്ട ഭരണിക്കാവ് തുടങ്ങിയ സ്ഥലങ്ങളിൽ ശബരിമല കർമ്മസമിതി പ്രവർത്തകർ കടകൾ അടപ്പിക്കുന്നു.

തൃശൂര്‍ ജില്ലയിലെ മാളയിലും കൊടുങ്ങല്ലൂരിലും ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. സംഘപരിവാർ സംഘടനകൾ ആലപ്പുഴ–ചങ്ങനാശേരി റോഡ് ഉപരോധിക്കാൻ ഒരുങ്ങുന്നു. പ്രവർത്തകർ എത്തിക്കൊണ്ടിരിക്കുന്നു. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ദേവസ്വം ബോര്‍ഡ് ഓഫിസ് ശബരിമല കര്‍മ സമിതി പ്രവര്‍ത്തകര്‍ അടപ്പിച്ചു. ഓഫിസ് താഴിട്ടു പൂട്ടി താക്കോല്‍ പ്രവര്‍ത്തകര്‍ കൊണ്ടു പോയി. മാവേലിക്കരയിൽ ബിജെപി–സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ വാഹനങ്ങൾ തടയുന്നു. കെഎസ്ആർടിസി ബസുകൾ അടക്കം തടഞ്ഞിട്ടിരിക്കുന്നു. കടകൾ അടപ്പിക്കാൻ ശ്രമം. താലൂക്ക് ഓഫിസിലെ കസേരകൾ പ്രവർത്തകർ തകർത്തു.

കാസര്‍കോട് കറന്തക്കാട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. മംഗലാപുരം കാസര്‍കോട് ദേശീയപാതയാണ് ഉപരോധിച്ചത്. ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. അതേസമയം  യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശുദ്ധിക്രിയയ്ക്കുവേണ്ടി അടച്ച നട തുറന്നു. ശുദ്ധിക്രിയകള്‍ പൂർത്തിയായതിന് ശേഷമാണ് വീണ്ടും നട തുറന്നത്. സന്നിധാനത്തേയ്ക്ക് വീണ്ടും ഭക്തരെ കയറ്റിവിട്ടുതുടങ്ങി.

 

prp

Related posts

Leave a Reply

*