തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തി. ശബരിമലയിലെ സംഭവവികാസങ്ങളാണ് ചര്‍ച്ച ചെയ്തതെന്നാണ് വിവരം.
നിയന്ത്രണങ്ങള്‍ക്കെതിരെ ഗവര്‍ണര്‍ക്ക് നിരവധി പരാതികള്‍ കിട്ടിയിരുന്നു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മുഖ്യമന്ത്രി അറിയിക്കും. സാധാരണ കൂടിക്കാഴ്ചയാണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30- ഓടെയാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തിയത്. ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിപ്പിച്ചതല്ലെന്നും മുഖ്യമന്ത്രി സ്വന്തം നിലയ്ക്ക് ഗവര്‍ണറെ കണ്ടതാണെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
ശബരിമലയില്‍ തീര്‍ത്ഥാടകര്‍ കടുത്ത വിവേചനവും അവഗണനയും നേരിടുന്നതായി കാണിച്ച് സംഘപരിവാര്‍ സംഘടനകളില്‍ നിന്നും മറ്റുമായി നിരവധി പരാതികള്‍ ഗവര്‍ണര്‍ക്ക് ലഭിച്ചിരുന്നു. ഇതിനിടയില്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളുടെ പേരില്‍ ഹൈക്കോടതിയും സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.
ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഗവര്‍ണറെ നേരില്‍ കാണുന്നത്. ശബരിമലയിലെ പ്രത്യേക സ്ഥിതിവിശേഷവും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചേക്കും എന്നാണ് സൂചന.
അതേസമയം, കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ ശബരിമലയില്‍ അപമാനിച്ചുവെന്ന് ആരോപിച്ച് കന്യാകുമാരി ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറു വരെയാണ് ബന്ദ്. കേന്ദ്രമന്ത്രിയായ പൊന്‍ രാധാകൃഷ്ണന്‍ ഇന്നലെയാണ് ശബരിമല ദര്‍ശനത്തിന് എത്തിയത്. നിലയ്ക്കലില്‍ ബി.ജെ.പി നേതാക്കള്‍ക്കൊപ്പം എത്തിയ കേന്ദ്രമന്ത്രി ഉള്‍പ്പെട്ട സംഘത്തെ പൊലീസ് തടഞ്ഞു.

