റഷ്യയുമായുള്ള ശക്തമായ ബന്ധം കാത്തുസൂക്ഷിക്കുന്നത് ഇന്ത്യന്‍ നാവികസേനാ : നാവികസേനാ ദിനത്തില്‍ ആശംസകളര്‍പ്പിച്ച്‌ റഷ്യന്‍ നാവികസേനാ മേധാവി

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവിക സേനയ്‌ക്ക് ആശംസകളുമായി റഷ്യന്‍ നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ സെര്‍ഗേ യെലിസയേവ്. റഷ്യന്‍ നാവികസേനാ ദിനത്തില്‍ പങ്കെടുക്കവെയാണ് റഷ്യ അഭിനന്ദനമറിയിച്ചത്. റഷ്യയുടെ 325-ാം നാവികസേനാ ദിനാഘോഷത്തിലാണ് ഇന്ത്യന്‍ നാവികസേനയും യുദ്ധകപ്പലായ ഐ.എന്‍.എസ് തബാറും പങ്കെടുത്തത്.

ഇന്ത്യന്‍ നാവികസേനയുടെ സേവനത്തെ പ്രശംസിച്ച റഷ്യന്‍ സൈനിക മേധാവിമാര്‍ ഇന്ത്യാ-റഷ്യാ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ നാവികസേന വഹിക്കുന്ന പങ്ക് ഏറെ വലുതാണെന്നും അഭിപ്രായപ്പെട്ടു. റഷ്യന്‍ നഗരമായ സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്ഗിലാണ് നാവികസേനാ ആഘോഷം നടന്നത്. ഐ.എന്‍.എസ്. തബാര്‍ ഈ മാസം 22നാണ് റഷ്യയിലെത്തിയത്. ചടങ്ങില്‍ ഇന്ത്യന്‍ നാവികസേനയ്‌ക്കൊപ്പം റഷ്യയിലെ ഇന്ത്യന്‍ സ്ഥാനപതി ഡി.ബി. വെങ്കടേഷ് വര്‍മയും സന്നിഹിതരായിരുന്നു. ഇരുനാവികസേനകളും പരസ്പരം ആശംസാ ഫലകങ്ങള്‍ കൈമാറി.

റഷ്യന്‍ നാവികസേനയ്‌ക്കായി വൈസ് അഡ്മിറല്‍ സെര്‍ഗേ യെലിസയേവും ഇന്ത്യന്‍ നാവികസേനയ്‌ക്കായി ക്യാപ്റ്റന്‍ മഹേഷ് മാംഗിപുഡിയും ആശംസകള്‍ നേര്‍ന്നു. ബാള്‍ട്ടിക് സമുദ്രത്തില്‍ നടന്ന ചടങ്ങില്‍ 50 പടക്കപ്പലുകളും അതിവേഗ ബോട്ടുകളും അന്തര്‍വാഹിനികളും പങ്കെടുത്തു. വിമാനവാഹിനിയില്‍ 48 വിമാനങ്ങളും ഹെലികോപ്റ്ററുകളും പരേഡില്‍ അണിനിരന്നു. വരുംദിവസങ്ങളില്‍ റഷ്യന്‍ നാവികസേനയ്‌ക്കൊപ്പം ഐ.എന്‍.എസ്.തബാര്‍ വിവിധ പരിശീലന പരിപാടികളില്‍ പങ്കെടുക്കും.

prp

Leave a Reply

*