കൊച്ചി: മഞ്ജു വാര്യറിനെതിരെയുള്ള ശ്രീകുമാര്‍ മേനോന്റെ വിമര്‍ശനങ്ങളില്‍ നടിക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍ രംഗത്ത്. ചിത്രം ഹിറ്റായിരുന്നെങ്കില്‍ ആ വിജയത്തില്‍ നടിക്കു യാതൊരു പങ്കും ഉണ്ടാകില്ലായിരുന്നുവെന്ന് റിമ കുറിച്ചു. ഒടിയന് ചിത്രത്തെ മുന്‍നിര്‍ത്തിയാണ് റിമയുടെ പരാമര്‍ശം.
റിമയുടെ കുറിപ്പിന് താഴെ നിരവധി ആളുകള്‍ പ്രതികരണവുമായി എത്തി. മഞ്ജു വാര്യയര്‍ വിഷയത്തില്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്നു പറഞ്ഞ് ആളുകള്‍ റിമയെ വിമര്‍ശിക്കുന്നുമുണ്ട്. സ്ത്രീ പ്രാധാന്യമുള്ള സിനിമകള്‍ മലയാളത്തില്‍ എക്കാലവും ഉണ്ടായിട്ടുണ്ടെന്നും കന്മദം, മണിച്ചിത്രത്താഴ്, കിലുക്കം, ദേവാസുരം തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തോടൊപ്പം അവയിലെ നായികമാരുടെ പ്രകടനങ്ങളും എന്നും വാഴ്ത്തപ്പെടാറുണ്ടെന്നും കുത്തിത്തിരിപ്പുമായി വന്നിരിക്കുകയാണോ എന്നും ചോദിച്ചു കൊണ്ടാണ് കമന്റുകള്‍. റിമ കല്ലിങ്കല്‍ കേന്ദ്ര കഥാപാത്രമായെത്തിയ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രം മറന്നിട്ടില്ലില്ലല്ലോ എന്നും ചോദ്യങ്ങളുണ്ട്.
വിമര്‍ശനങ്ങള്‍ക്ക് റിമയുടെ മറുപടി ഇങ്ങനെ: ’90 വര്‍ഷത്തെ ചരിത്രമുള്ള മലയാള സിനിമയില്‍ ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ഉള്ള ചുരുക്കം ചില സിനിമകളെക്കുറിച്ച് നിങ്ങള്‍ സംസാരിക്കുന്നതില്‍ സന്തോഷമുണ്ട്. നടിമാരെ നിങ്ങള്‍ എത്രത്തോളം ഇഷ്ടപ്പെടുന്നുവെന്നത് നിര്‍മാതാക്കളും ശ്രദ്ധിക്കുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നു.’
റിലീസ് ചെയ്ത ആദ്യദിനം വലിയ വിമര്‍ശനങ്ങളാണ് ഒടിയന് സിനിമയ്ക്കു നേരെ ഉയര്‍ന്നത്. സംവിധായകന് ശ്രീകുമാര്‍ മേനോനെതിരെയും സൈബര്‍ ആക്രമണം ഉണ്ടായി. നടി മഞ്ജു വാര്യറെ താന്‍ സഹായിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ആരംഭിച്ച ആക്രമണത്തിന്റെ ഭാഗമാണ് ‘ഒടിയന്’ സിനിമയ്ക്കെതിരായുള്ള സൈബര്‍ ആക്രമണമെന്നും ഇതിനെതിരെ മഞ്ജു പ്രതികരിക്കണമെന്നും ശ്രീകുമാര്‍ മേനോന് ആവശ്യപ്പെട്ടിരുന്നു.
‘സിനിമാരംഗത്ത് ഞാന്‍ ആരുമല്ല. ആരുമായും ശത്രുതയില്ല, ആരുടെയും തിരക്കഥയും മോഷ്ടിച്ചില്ല. എന്നിട്ടും എനിക്കെതിരെ സിനിമയില്‍ നിന്നും വലിയ ശത്രുത ഉണ്ട്. സിനിമാരംഗത്ത് വരുന്നതിനുമുമ്പാണ് ഈ ശത്രുത ഉണ്ടായത്. അതിന്റെ കാരണങ്ങള്‍ നിങ്ങള്‍ക്ക് അറിയാം. ആ കാരണങ്ങള്‍ കൊണ്ടാണ് വിവാദങ്ങളിലേയ്ക്കും വെറുപ്പുകളിലേയ്ക്കും ഞാന്‍ വലിച്ചിഴയ്ക്കപ്പെട്ടത്. അതിന്റെ കലാശക്കൊട്ടായിരിക്കാം ഇപ്പോള്‍ കണ്ടത്. ഏത് വിഷയത്തിലാണ് ആക്രമിക്കപ്പെട്ടതെന്ന് ഇതിനു മുമ്പ് ഞാന്‍ പറഞ്ഞിട്ടുണ്ട്. അത് ആവര്‍ത്തിക്കേണ്ട ആവശ്യം എനിക്കില്ല.
‘മോഹന്‍ലാല്‍’ എന്ന പേരില്‍ ചിത്രമെടുത്ത സാജിദ് യാഹിയയോ, മഞ്ജു വാരിയറെ നായികയാക്കി സംവിധാനം ചെയ്ത ഫാന്റം പ്രവീണോ ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നില്ല. അപ്പോള്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ കുറച്ചുകൂടി സത്യസന്ധമാകുകയല്ലേ ചെയ്യുന്നത്. പണ്ട് കൂവിതോല്പിക്കാന് തിയറ്ററുകളിലേയ്ക്ക് ആളെ വിടുകയാണ്. ഇന്ന് മൊബൈല്‍ മതി,’ ശ്രീകുമാര്‍ മേനോന് ആരോപിച്ചു.
ഒടിയന് സിനിമയ്ക്കെതിരെ ഉയരുന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിലപാട് വ്യക്തമാക്കി മഞ്ജു വാരിയര്‍ പിന്നീട് രംഗത്തെത്തി. ശ്രീകുമാര്‍ മേനോന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാതെയായിരുന്നു മഞ്ജുവിന്റെ പ്രതികരണം. ‘പ്രഭ എന്ന തന്റെ കഥാപാത്രത്തെക്കുറിച്ചുള്ള വിലയിരുത്തലുകളും വിമര്‍ശനങ്ങളും അഭിനന്ദനങ്ങളും ഒരുപോലെ സ്വീകരിക്കുന്നു, കാര്‍മേഘങ്ങള്‍ തേന്‍കുറിശ്ശിയുടെ മുകളില്‍ നിന്ന് ഒഴിഞ്ഞു പോയിരിക്കുന്നു.’-മഞ്ജു പറഞ്ഞു.