പെണ്‍ജീവിതങ്ങളെ ചുവന്ന തെരുവുകളില്‍ നിന്നും കരകയറ്റിയ രങ്കു സൗരിയ

വിനീത് ശ്രീനിവാസന്‍റെ “തിര” എന്ന ചിത്രത്തില്‍ നടി ശോഭന അഭിനയിച്ചു തകര്‍ത്ത ഡോ. രോഹിണി പ്രണാബ് എന്ന കഥാപാത്രത്തെ നിങ്ങള്‍ക്കോര്‍മ്മയില്ലേ? വേശ്യാവൃത്തിക്കായി രാജ്യത്തിന്‍റെ പലയിടത്തു നിന്നും തട്ടികൊണ്ടുപോകുന്ന പെണ്‍കുട്ടികളെ വേശ്യാതെരുവുകളില്‍ നിന്നും മറ്റും സാഹസികമായി രക്ഷിച്ച് തന്‍റെ സ്വന്തം സംരക്ഷണത്തില്‍ പാര്‍പ്പിക്കുകയും പിന്നീട് മാതാപിതാക്കളുടെ കരങ്ങളില്‍ സുരക്ഷിതമായി ഏല്‍പ്പിക്കുകയും ചെയ്യുന്ന ഒരു ധീര വനിതയുടെ കഥ. വെള്ളിത്തിരയില്‍ നാം കണ്ട ഡോ. രോഹിണി പ്രണാബിന്‍റെ സത്യകാഴ്ചയെന്നു വേണം ഡാര്‍ജിലിംഗ് സ്വദേശിനിയായ രങ്കു സൗരിയയെ വിശേഷിപ്പിക്കാന്‍.

rangusouria

ഡാര്‍ജിലിംഗിലെ പനിഘട്ട എന്ന സ്ഥലത്തെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച രങ്കു സൗരിയ 2004 മുതല്‍ ഇന്ന് വരെ നേപ്പാളി ബോര്‍ഡറില്‍ നിന്ന് മാത്രം 8000ല്‍ അധികം സ്ത്രീകളെയും കുട്ടികളെയും വേശ്യാവൃത്തിയില്‍ (കുട്ടികളെ ദിവസവും മയക്കുമരുന്ന് കുത്തിവെച്ച് 20 പ്രാവശ്യത്തിലധികം പീഡിപ്പിക്കുന്നു) നിന്നും രക്ഷിച്ചിട്ടുണ്ട്.

2004ല്‍ ഡാര്‍ജിലിംഗ് ഗവണ്മെന്‍റ് കോളേജില്‍ പഠിച്ചുകൊണ്ടിരിക്കെ ഡല്‍ഹിയിലെ ഒരു ബിസിനസ്സുകാരന്‍റെ തടങ്കലില്‍ നിന്നും ലൈംഗീക അടിമയായി കഴിഞ്ഞിരുന്ന വെറും 13 വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ നേതൃത്ത്വം നല്‍കിയാണ്‌ രങ്കു ഈ മേഖലയിലേയ്ക്ക് കടന്നു വന്നത്. പിന്നീട് ഡാര്‍ജിലിംഗിലെ സിലിഗുരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന “കഞ്ചന്‍ജുംഗ ഉദ്ധര്‍ കേന്ദ്ര” എന്ന എന്‍ജിഒ സംഘടനയുടെ ഭാഗമായി സ്ത്രീകളെയും പെണ്‍കുട്ടികളെയും വേശ്യാവൃത്തിയ്ക്കായി കടത്തി കൊണ്ടുപോകുന്നതിനെ തടയുവാനും അവരെ രക്ഷിക്കുവാനും പുനരധിവസിപ്പിക്കുവാനും തുടങ്ങി. സിക്കിം, നോര്‍ത്ത് ബംഗാള്‍, അസ്സാം, നേപ്പാള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ഇവര്‍ പട്ന, ഡല്‍ഹി, മുംബൈ, കല്‍കട്ട, എന്നീ ഭാഗങ്ങളില്‍ നിന്നും മാത്രമായി നിര്‍ബന്ധിത വേശ്യാവൃത്തിയില്‍ ഏര്‍പെട്ടിരുന്ന 18 വയസ്സിനു താഴെ പ്രായമുള്ള 500-ല്‍ അധികം പെണ്‍കുട്ടികളെ ഇതുവരെ രക്ഷിച്ചിരിക്കുന്നു.

“രാജ്യത്തെ പലയിടങ്ങളില്‍ നിന്നുമായി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പെണ്‍കുട്ടികുട്ടികളെ രക്ഷപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ അവസ്ഥ കൂടുതല്‍ രൂക്ഷമായി ഇപ്പോഴും തുടരുന്നു. ഇതുവരെ നാം കണ്ടത് വെള്ളത്തില്‍ കിടക്കുന്ന ഒരു മഞ്ഞുമലയുടെ മുകള്‍ വശം മാത്രമാണ്. നോര്‍ത്ത് ബംഗാളിലെ അടച്ചുപൂട്ടിയ തെയിലതോട്ടങ്ങളിലെ ദരിദ്ര വീടുകളിലെ പെണ്‍കുട്ടികളെ ഗള്‍ഫ് നാടുകളിലേയ്ക്ക് കടത്തി കൊണ്ടുപോകുന്നതാണ് സെക്സ് റാക്കറ്റുകളുടെ ഇപ്പോഴത്തെ പുതിയ രീതി” എന്നാണ് ഒരു ഇന്‍റര്‍വ്യൂവില്‍ രങ്കു സൗരിയ പറഞ്ഞത്.MsRanguShoria

രങ്കു സൗരിയയുടെ ഈ ധീരതയ്ക്കും നല്ല പ്രവൃത്തിക്കും പല സംഘടനകളും ഒട്ടനവധി പുരസ്കാരങ്ങള്‍ നല്‍കി ഇവരെ ആദരിച്ചിട്ടുണ്ട്, ഇതില്‍ പ്രധാനപെട്ടതാണ് 2009 ല്‍ ഗോഡ്ഫ്രി ഫിലിപ്സ് സോഷ്യല്‍ ബ്രേവറി അവാര്‍ഡും, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംമ്പര്‍ ഓഫ് കൊമേഴ്സ്‌ ആന്‍റ് ഇന്‍ഡസ്ട്രീസ്‌ വുമന്‍ അച്ചീവേഴ്സ് അവാര്‍ഡും.

ഗൂണ്ടകളില്‍ നിന്നും മാഫിയകളില്‍ നിന്നുമെല്ലാം അനവധി തവണ ഉണ്ടായ വധഭീഷണികളെ വകവയ്ക്കാതെ വന്നപ്പോള്‍  കോടിക്കണക്കിന് രൂപ വാഗ്ദാനം നല്‍കി ഇതില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെട്ടെങ്കിലും അടിപതറാതെ തന്‍റെ ജീവനേക്കാള്‍ കര്‍ത്തവ്യത്തിന് പ്രാധാന്യം നല്‍കി മുന്നേറുകയാണ് ഇവര്‍.

prp

Leave a Reply

*