ചെന്നൈ: രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അന്തിമ തീരുമാനം നാളെ പ്രഖ്യപിക്കാനിരിക്കെ നിര്‍ണായക പ്രതികരണവുമായി രജനികാന്ത്. ചെന്നൈയില്‍ തുടരുന്ന ആരാധക സംഗമത്തിലാണ് രാഷ്ട്രീയത്തിലും, സിനിമയിലും ശാശ്വതമായി ഒന്നുമില്ലെന്നും കാലം വരുമ്പോള്‍ എല്ലാം മാറുമെന്നും രജനി പറഞ്ഞിരിക്കുന്നത്.
ദ്രാവിഡ രാഷ്ട്രീയത്തില്‍ നിന്നൊരു മാറ്റം തമിഴ്നാട്ടില്‍ സാധ്യമാണോയെന്ന് ആരാധക സംഗമത്തിനായി പുറപ്പെടുന്നതിനു മുന്‍പ് മാധ്യമ പ്രവര്‍ത്തകര്‍ താരത്തോട് ചോദിച്ചിരുന്നു. എന്നാല്‍ അതിന് അദ്ദേഹം മറുപടി നല്‍കിയില്ല. ഡിസംബര്‍ 26 മുതല്‍ 31 വരെയാണ് രജനി ആരാധകരെ കാണുന്നത്. അവസാന ദിവസം രജനി രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്ന കണക്കു കൂട്ടലിനിടെയാണ് താരത്തിന്‍റെ ഈ അഭിപ്രായ പ്രകടനം
നടന മികവല്ല, സ്വഭാവ വൈശിഷ്ട്യമാണ് ഒരാള്‍ക്ക് ആദരവ് നേടിക്കൊടുക്കുന്നത്. എംജിആറിനെ ആളുകള്‍ ആരാധിക്കാന്‍ കാരണം അദ്ദേഹത്തിന്റെ സ്വഭാവ മഹിമയാണ്. ഇനി നൂറു വര്‍ഷം കഴിഞ്ഞാലും എംജിആര്‍ ജനങ്ങളുടെ മനസ്സിലുണ്ടാകും എന്നും രജനീകാന്ത് പറഞ്ഞു. സച്ചിദാനന്ദ സ്വാമി, ദയാനന്ദ സരസ്വതി എന്നിവരുമായുള്ള ബന്ധത്തെക്കുറിച്ച് വിശദമായി സംസാരിക്കുകയുണ്ടായി. കുടുംബത്തെ നന്നായി നോക്കണമെന്നും അതുവച്ചാണ് ആളുകളെ സമൂഹം വിലയിരുത്തുന്നതെന്നും രജനി പറഞ്ഞു.
അതിനിടെ രജനീകാന്ത് സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്നു സുഹൃത്തും സംവിധായകനും തിരക്കഥാകൃത്തുമായ കലൈജ്ഞാനം പറഞ്ഞു. 1978ല്‍ ഭൈരവി എന്ന ചിത്രത്തിലൂടെ രജനിയെ ആദ്യമായി നായകനാക്കിയത് ഇദ്ദേഹമാണ്. ആരാധക സംഗമത്തിന്റെ ആദ്യ ദിനം കലൈജ്ഞാനം രജനിക്കൊപ്പം വേദി പങ്കിട്ടിരുന്നു. കമല്‍ഹാസനു സമൂഹത്തിലെ സമ്ബന്നരെ മാത്രമേ ആകര്‍ഷിക്കാനാവൂയെന്നും രജനിക്ക് എല്ലാ വിഭാഗങ്ങളുടെയും പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

