കൊച്ചി: ലോക ജലദിനത്തില്‍ ഇടപ്പള്ളി ലുലു മാളില്‍ കൊച്ചി ബിനാലെ ഫൗണ്ടേഷന് പോപ് അപ് ഗാലറി സൃഷ്ടിക്കുന്നു. ആര്‍ട്ടിസ്റ്റ് വിപിന്‍ ധനുര്‍ധരന്റെ കലാസൃഷ്ടിയാണ് ഗാലറിയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഏതെങ്കിലുമൊരു പ്രമേയത്തിനുവേണ്ടി ഹ്രസ്വസമയത്തേക്കൊരുക്കുന്ന കലാപ്രദര്‍ശനമാണ് പോപ് അപ് ഗാലറി.
ഫോര്‍ട്ട്കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമുള്ള കനാലുകളുടെയും ജലാശയങ്ങളുടെയും ശോച്യാവസ്ഥയെക്കുറിച്ചാണ് വിപിന്റെ കലാസൃഷ്ടി. തോടുകളുടെയും ജലാശയങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് വിപിന്‍ തന്നെ രണ്ടു മാസക്കാലമായി ചെയ്തു വന്ന കലാപ്രകടനങ്ങളുടെ വീഡിയോ അടിസ്ഥാനമാക്കിയാണ് പെട്രിക്കോര്‍(പുതുമഴയുടെ മണം) എന്ന പ്രദര്‍ശനം ഒരുക്കുന്നത്.
തോടുകളും ജലാശയങ്ങളും കൊണ്ട് സമ്ബന്നമായിരുന്ന കൊച്ചിയില്‍ ഇന്ന് അവ ഇല്ലാതായിക്കഴിഞ്ഞു. ഉള്ളതുതന്നെ പൊതു ഇടങ്ങളില്‍നിന്ന് അപ്രത്യക്ഷമായെന്നും വിപിന്‍ ചൂണ്ടിക്കാട്ടുന്നു. കാല് കഴുകാന്‍ പോലും പറ്റാത്ത തോടുകളാണ് ഇന്നുള്ളത്. തോടുകള്‍ പലതും കാനകള്‍ക്ക് വഴിമാറി.
ചരക്ക് കയറ്റിറക്കങ്ങള്‍, ഗതാഗതം, നിത്യജീവിതം തുടങ്ങിയവ എല്ലാം ഈ തോടുകളും ജലാശയങ്ങളുമായി ബന്ധപ്പെട്ടാണ് കിടന്നിരുന്നത്. നിരവധി സംസ്കാരങ്ങള്‍ കൊച്ചിയിലേക്ക് വരുകയും പോവുകയും ചെയ്തത് ഈ തോടുകള്‍ വഴിയാണ്. എന്നാല്‍ ചരിത്രത്തില്‍ ഇടപിടിക്കാന്‍ തോടിനോ, തോടിന്റെ കരയിലുണ്ടായിരുന്ന ജീവിതങ്ങള്‍ക്കോ സാധ്യതയില്ലെന്നും ഈ വീഡിയോ സൃഷ്ടി നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
കലയിലൂടെ ഒരു പ്രദേശത്തെയും അവിടെ നിന്നും നഷ്ടപ്പെട്ടു പോയതെന്താണെന്നും ഓര്‍മ്മിപ്പിക്കാനുള്ള ശ്രമമാണ് ഈ കലാസൃഷ്ടിയെന്നും വിപിന്‍ പറയുന്നു. തൊട്ടടുത്തുള്ള ചെറിയ പ്രശ്നത്തെ നേരിടുകയെന്നതാണ് കലാകാരന് ചെയ്യേണ്ടത്. വലിയ പ്രശ്നങ്ങളില്‍ പ്രതികരിച്ചു തുടങ്ങാനുള്ള ആദ്യ പടിയായി ഇതിനെ കണക്കാക്കാം. ഈ വിശ്വാസത്തില്‍ നിന്നാണ് ജലസ്രോതസുകളെക്കുറിച്ചുള്ള സൃഷ്ടി ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി-മുസിരിസ് ബിനാലെ ആദ്യലക്കം മുതല്‍ സഹകരിക്കുന്ന കലാകാരനാണ് വിപിന്‍ ധനുര്ധരന്. കലാസാക്ഷിയെന്ന കൂട്ടായ്മയുടെ സ്ഥാപകാംഗം കൂടിയാണ് ഇദ്ദേഹം.

