2019 നവംബര്‍ 26 ന് ഹൈദരാബാദിനടുത്ത് പ്രിയങ്ക റെഡ്ഡി എന്ന ഡോക്ടറെ നാലംഗസംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം തീകൊളുത്തി കൊലപ്പെടുത്തി. എട്ട് ദിവസത്തിനു ശേഷം ഡിസംബര്‍ ആറിന് തെളിവെടുപ്പിന്റെ ഭാഗമായി സംഭവസ്ഥലത്തെത്തിച്ച പ്രതികള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പൊലീസിന് പ്രതികള്‍ക്ക് നേരെ നിറയൊഴിക്കേണ്ടി വന്നു. സംഭവത്തെ തുടര്‍ന്ന് സുപ്രീം കോടതി അന്വേഷണത്തിന്റെ ഭാഗമായി ഒരു കമ്മിഷനെ നിയമിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പത്ത് പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാനും തീരുമാനിച്ചു.
ഹൈദരാബാദ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പൊതുജനം ഏറ്റുമുട്ടല്‍ നടത്തിയ പൊലീസുകാരെ പ്രശംസിക്കുകയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുകയുമുണ്ടായി. എന്നാല്‍ പൊലീസുകാര്‍ക്കെതിരെ അന്വേഷണമുണ്ടായപ്പോള്‍ കമ്മിഷനെ പിന്തുണയ്ക്കാന്‍ ഇവരാരും തയാറായില്ല. 2012ല്‍ ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് മൃഗീയമായി കൊലപ്പെടുത്തിയ കേസില്‍ പൊലീസ് പഴുതടച്ച അന്വേഷണത്തിലൂടെ കുറച്ച് വൈകിയാണെങ്കിലും പ്രതികള്‍ക്ക് തൂക്കുകയര്‍ ഉറപ്പാക്കി.
കസ്റ്റഡിയിലിരിക്കുന്ന പ്രതികളെ കൊലപ്പെടുത്താന്‍ പൊലീസിനുണ്ടാകുന്ന ചേതോവികാരങ്ങള്‍ എന്താണെന്ന് നോക്കാം. കുറ്റത്തിന്റെ കാഠിന്യം മനസിലാക്കി വധശിക്ഷയില്‍ കുറഞ്ഞൊന്നും പ്രതികള്‍ക്ക് കിട്ടരുത് എന്നൊരു നിര്‍ബന്ധം പൊലീസിനുണ്ടാവും. വധശിക്ഷ നല്‍കേണ്ടയിരുന്ന മുന്നൂറില്പരം കേസുകളില്‍ ശിക്ഷ നടപ്പാക്കാന്‍ സാധിച്ചിട്ടില്ല. രാജ്യദ്രോഹം, തീവ്രവാദം, ബലാത്സംഗ കൊലപാതകം തുടങ്ങി നിരവധി കുറ്റവാളികളാണ് ഈ കേസുകളില്‍ ഉള്‍പ്പെടുന്നത്. ജയിലിലടച്ചാലും പ്രതികള്‍ക്ക് കുറ്റത്തിന് അര്‍ഹിക്കുന്ന ശിക്ഷ കിട്ടാന്‍ സാദ്ധ്യതയില്ലെന്ന ചിന്തയാണ് ചില അവസരങ്ങളില്‍ നിയമം കൈയിലെടുക്കാനും തല്‍ക്ഷണം നീതി നടപ്പാക്കാനും പൊലീസിനെ പ്രേരിപ്പിക്കുന്നത്.
കേസുകളില്‍ ഉടനടി നടപടിയും ശിക്ഷയും ഉറപ്പാക്കണമെന്നാണ് ജനത്തിന്റെ ചിന്താഗതി . ചില കേസുകളില്‍ നീണ്ടുപോകുന്ന വധശിക്ഷാ നടപടികളില്‍ ജനം വിശ്വാസമര്‍പ്പിക്കുന്നില്ല.ഹൈദരാബാദ് കേസില്‍ നാട്ടുകാരുടെ ആഗ്രഹം തന്നെയാണ് പൊലീസ് ഏറ്റുമുട്ടലില്‍ കലാശിച്ചത്.
ഇന്ത്യയില്‍ ഓരോ 88 മിനിട്ടില്‍ ഒരു ബലാത്സംഗം നടക്കുന്നുവെന്നാണ് കണക്ക്. എന്നാല്‍ സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷമായിട്ടും ഇത്തരം കേസുകളുടെ തുടരന്വേഷണത്തിന് യാതൊരു കര്‍ശന സംവിധാനവും ഏര്‍പ്പെടുത്തിയിട്ടില്ല. കൃത്യമായ അന്വേഷണം നടക്കാത്തതിനാല്‍ 100 ബലാത്സംഗ കേസുകളില്‍ 72 പ്രതികളും പല കാരണങ്ങള്‍കൊണ്ട് രക്ഷപ്പെടുന്നു.
ബലാത്സംഗകേസുകള്‍ എങ്ങനെ മികച്ച രീതിയില്‍ അന്വേഷിക്കാം കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാം ഇതൊക്കെയാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. അല്ലാതെ പിടിക്കപ്പെട്ട കുറ്റവാളികളെ വെടിവച്ചു കൊല്ലാനല്ല പൊലീസ് തുനിയേണ്ടത്. പൊലീസ് കസ്റ്റഡിയിലിരിക്കുന്ന ആളുകളെ ഒരിക്കലും അപായപ്പെടുത്താന്‍ പാടില്ല. കസ്റ്റഡിയിലുള്ളത് എത്ര വലിയ കുറ്റവാളിയാണെങ്കിലും അയാളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട ഉത്തരവാദിത്വം പൊലീസിനുണ്ട്. അവരെ കോടതിയിലെത്തിച്ച് നിയമപരമായ ശിക്ഷ വാങ്ങിക്കൊടുക്കണം. കുറ്റവാളികളെ കണ്ടെത്തേണ്ടത് മാത്രമാണ് പൊലീസിന്റെ ചുമതല. പ്രതികളെ കോടതിയുടെ മുന്നിലെത്തിച്ച് നീതി നടപ്പാക്കാന്‍ സൗകര്യമൊരുക്കുകയാണ് പൊലീസിന്റെ കര്‍ത്തവ്യം.
(ഋഷിരാജ് സിംഗ്
മുന്‍ ജയില്‍ ഡിജിപി)