അധോലോക പരാമര്‍ശത്തിലൂടെ സര്‍ക്കാരിനെ വിറപ്പിച്ച സി ബി ഐയ്ക്ക് ഇനി വേണ്ടത് ഒന്നുമാത്രം, അപകടം മണത്ത് പ്രതിരോധത്തിന് ബംഗാള്‍ മോഡല്‍ സി പി എം പുറത്തെടുക്കുമോ ?

തിരുവനനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ എന്‍ ഐ എയുടേയും ഇ ഡിയുടെയും അന്വേഷണത്തെ മുന്‍പില്‍ നിന്ന് സ്വാഗതം ചെയ്യുന്ന സര്‍ക്കാരിനും സി പി എമ്മിനും ലൈഫ് മിഷന്‍ പദ്ധതിയില്‍ സി ബി ഐ കൂടി എത്തിയതോടെ അന്വേഷണം ചതുര്‍ത്ഥിയായിരിക്കുകയാണ്. മുമ്ബ് മലബാറിലെ രാഷ്ട്രീയ കൊലക്കേസുകളില്‍ സി പി എം നേതാക്കളെ പ്രതിയാക്കിയപ്പോള്‍ സി ബി ഐയ്‌ക്കെതിരെ പാര്‍ട്ടി പ്രതിരോധമുയര്‍ത്തിയിരുന്നു. പെരിയ ഇരട്ടക്കൊലക്കേസില്‍ സി ബി ഐ അന്വേഷണം തടയാന്‍ കോടികള്‍ ചിലവഴിച്ച സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിയമപോരാട്ടത്തിലുമാണ്. എന്നാല്‍ അന്നൊന്നുമില്ലാത്ത വീറും വാശിയുമാണ്, ലൈഫ് കോഴക്കേസിലെ നേര്‍ക്കുനേര്‍ ഏറ്റുമുട്ടലില്‍ കാണുന്നത്. അതിന് കാരണങ്ങള്‍ പലതാണ്.

ഹൈക്കോടതിയുടെ രണ്ട് തീരുമാനങ്ങളിലാണ് ലൈഫ് മിഷന്‍ കേസിലെ അന്വേഷണത്തിന്റെ ഇനിയുള്ള ഗതി. വടക്കാഞ്ചേരി പദ്ധതിക്ക് എമറേറ്റ്സ് റെഡ്ക്രസന്റില്‍ നിന്ന് ഇരുപതു കോടി സഹായം നേടിയതില്‍ വദേശസഹായ നിയന്ത്രണചട്ടം (എഫ് സി ആര്‍ എ) നിലനില്‍ക്കുമോയെന്നതാണ് ഒന്നാമത്തേത്. ലൈഫ് കരാറില്‍ അഴിമതി കണ്ടെത്തിയതിനാല്‍ അഴിമതിനിരോധന നിയമം കൂടി ചുമത്താന്‍ സി ബി ഐ നീക്കമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ അഴിമതിനിരോധന നിയമപ്രകാരമുള്ള കേസില്‍ സി ബി ഐയ്ക്ക് അന്വേഷണം സാദ്ധ്യമാവുമോയെന്നതാണ് രണ്ടാമത്തേത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെട്ട കേസില്‍ അധോലോക പരാമര്‍ശത്തിലൂടെ കേസിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്താനാണ് സി ബി ഐ ശ്രമിച്ചത്. നടപടിക്രമങ്ങളിലെ വീഴ്ചകളടക്കം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ പ്രതിരോധം.

വദേശസഹായനിയന്ത്രണ ചട്ടത്തിന്റെ ലംഘനം ഹൈക്കോടതി ശരിവച്ചാല്‍, അഴിമതിക്കേസന്വേഷണവും സി ബി ഐയ്ക്കാവും. സി ബി ഐ അഴിമതിക്കുറ്റം ചുമത്തിയാല്‍ സംശയമുനയിലുള്ള നാല് ഐ എ എസ് ഉദ്യോഗസ്ഥര്‍ക്ക് കുരുക്കാവും. വിജിലന്‍സിന്റെ എഫ് ഐ ആര്‍ നിലനില്‍ക്കാനുമിടയില്ല. ലൈഫ് മിഷന്‍ ചെയര്‍മാനായ മുഖ്യമന്ത്രി, വൈസ്‌ചെയര്‍മാനായ തദ്ദേശമന്ത്രി, കോഴയിടപാട് വെളിപ്പെടുത്തിയ രണ്ട് മന്ത്രിമാര്‍ എന്നിവരും അന്വേഷണപരിധിയില്‍ വരും. ഇതിലെ അപകടം തിരിച്ചറിഞ്ഞാണ് സര്‍ക്കാരിന്റെ കടുത്ത നിലപാട് . അതേസമയം, ലൈഫ് പദ്ധതിയില്‍ അഴിമതി നടന്നതായി വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയത് സര്‍ക്കാരിന് കുരുക്കാണ്.

ബംഗാള്‍ മോഡല്‍ ?

ബംഗാളിലെ ശാരദാ, റോസ്വാലി ചിട്ടി തട്ടിപ്പ് കേസുകളില്‍ സിബിഐ അന്വേഷണം തടയാന്‍ മുഖ്യമന്ത്രി മമതാബാനര്‍ജി തെരുവിലിറങ്ങി പ്രക്ഷോഭം നടത്തിയിരുന്നു.

പൊലീസ് കമ്മിഷണറെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സിബിഐ കിഴക്കന്‍മേഖലാ ജോയിന്റ് ഡയറക്ടറെ പൊലീസ് വീടുവളഞ്ഞ് അറസ്റ്റ് ചെയ്യാനൊരുങ്ങി

സിബിഐ ഓഫീസുകള്‍ കേന്ദ്രസര്‍ക്കാര്‍ സംരക്ഷിച്ചത് സി.ആര്‍.പി.എഫിനെ വിന്യസിച്ചായിരുന്നു

prp

Leave a Reply

*