തിരുവനന്തപുരം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ ഹെലികോപ്റ്റര്‍ യാത്രാ വിവാദം കൊഴുക്കുന്നു. ഹെലികോപ്റ്ററിന്‍റെ വാടക ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് നല്‍കാനുള്ള ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞില്ലെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു. പണം അനുവദിച്ചുള്ള ഉത്തരവിന്‍റെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് കൈമാറിയിരുന്നതായി വ്യക്തമായി.
ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ കാണാന്‍ മുഖ്യമന്ത്രിക്ക് ഹെലികോപ്റ്റര്‍ ഏര്‍പ്പാടാക്കിയത് പൊലീസല്ലെന്ന് ഡിജിപി ലോകനാഥ് ബെഹ്റ അറിയിച്ചിരുന്നു. യാത്രക്ക് സുരക്ഷ ക്ലിയറന്‍സ് നല്‍കുക മാത്രമാണ് ചെയ്തതെന്ന് ബെഹ്റ പറഞ്ഞത്. എന്നാല്‍ ഹെലികോപ്റ്റര്‍ യാത്രക്ക് പണമനുവദിക്കണമെന്ന് ഡിജിപി ആവശ്യപ്പെട്ടതായാണ് വ്യവസായ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവിലുളളത്.

ഡിസംബര്‍ 26 നാണ് തൃശൂരിലെ സിപഐഎം ജില്ലാ സമ്മേളന വേദിയില്‍ നിന്നും മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് യാത്രനടത്തിയത്. സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തായിരുന്നു യാത്ര. കേന്ദ്രത്തില്‍ നിന്നെത്തിയ സംഘത്തെ അടിയന്തരമായി സന്ദര്‍ശിക്കുന്നതിനായിരുന്നു മുഖ്യമന്ത്രി തലസ്ഥാനത്തെത്തിയത്.
ഹെലികോപ്ടര്‍ കമ്പനി ചോദിച്ചത് 13 ലക്ഷമാണെങ്കിലും വിലപേശി എട്ടുലക്ഷത്തില്‍ ഒതുക്കിയെന്നും അവകാശപ്പെടുന്നു. ഓഖിപ്പണം വകമാറ്റിയെന്ന വാര്‍ത്ത പുറത്തുവന്നതോടെ, ദുരിതാശ്വാസനിധിയില്‍നിന്ന് പണം അനുവദിച്ച ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി.

