മുഖ്യമന്ത്രിയും നാല് മന്ത്രിമാരും വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി; സിപിഐഎമ്മിനൊപ്പം ചേര്‍ത്ത് നിര്‍ത്താന്‍ ശ്രമം

ചേര്‍ത്തല: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയതിന് പിന്നില്‍ സുപ്രധാന കാരണമുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍. ഏകദേശം 5 മിനിട്ടാണ് കൂടിക്കാഴ്ച നടത്തിയത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്, ജി.സുധാകരന്‍, പി.തിലോത്തമന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയോട് ചായ്‌വ് പുലര്‍ത്തിയ എസ്എന്‍ഡിപി യോഗം ഇത്തവണ എല്‍ഡിഎഫിന് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന പ്രചരിക്കുന്നതിനിടയിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സന്ദര്‍ശനം എന്നത് ഏറെ ശ്രദ്ധേയമാണ്.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി സ്വീകരിച്ച നിലപാടായിരുന്നില്ല തുഷാറിന്‍റെത്. വനിതാ മതിലിന്‍റെ സംഘാടകസമിതിയുടെ ചെയ!ര്‍മാനായി വെള്ളാപ്പള്ളിയെത്തന്നെ സിപിഐഎം കൊണ്ടുവന്നു. ശബരിമലയെച്ചൊല്ലി കേരളമെമ്പാടും പ്രതിഷേധം കത്തിയപ്പോള്‍ അതിനെതിരെ വെള്ളാപ്പള്ളിയെക്കൊണ്ട് സംസാരിപ്പിക്കാന്‍ സിപിഐഎമ്മിനായി.

എന്നാല്‍ സുപ്രീംകോടതിയില്‍ ദേവസ്വംബോര്‍ഡ് വിധി നടപ്പാക്കണമെന്ന തരത്തില്‍ വാദിച്ചപ്പോള്‍ വെള്ളാപ്പള്ളി നിലപാട് മാറ്റി. സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തു വന്നു. ഇതിന് പിന്നാലെ ബിഡിജെഎസ്സുമായി സീറ്റ് വിഭജനചര്‍ച്ചകള്‍ ബിജെപി സജീവമാക്കുകയും ചെയ്തു. കേരളത്തിലെത്തിയ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പ്രത്യേക നിര്‍ദേശപ്രകാരമായിരുന്നു ഇത്.

എട്ട് സീറ്റ് വരെ ചോദിച്ച ബിഡിജെഎസ്സിന്‍റെ പല ആവശ്യങ്ങളിലും സംസ്ഥാനബിജെപി ഘടകത്തിന് അതൃപ്തിയുണ്ടായിരുന്നെങ്കിലും ഈഴവ വോട്ട് ബാങ്ക് ഉറപ്പിക്കാനായിരുന്നു ദേശീയ നേതൃത്വത്തിന്‍റെ നിര്‍ദേശം. ഇതേത്തുടര്‍ന്ന് ബിഡിജെഎസ്സുമായി സീറ്റ് ധാരണയായെന്നും സീറ്റ് സാധ്യതാപ്പട്ടിക ദേശീയനേതൃത്വത്തിന് നല്‍കിയെന്നും ബിജെപി സംസ്ഥാനാധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പിന്നീട് സാധ്യതാപ്പട്ടിക നല്‍കിയിട്ടില്ലെന്ന് ശ്രീധരന്‍ പിള്ള മലക്കം മറിഞ്ഞെങ്കിലും ബിഡിജെഎസ്സിനെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒപ്പം നിര്‍ത്തുമെന്ന് വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഐഎം വെള്ളാപ്പള്ളിയെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുന്നത്.

ഇതിന്‍റെ ഭാഗമായി സര്‍ക്കാര്‍ പരിപാടിയില്‍പ്പോലും മന്ത്രിമാര്‍ക്കൊപ്പം വളരെ പ്രാധാന്യത്തോടെ വെള്ളാപ്പള്ളി നടേശന്റെ ചിത്രം നല്‍കുകയാണ് സംസ്ഥാനസര്‍ക്കാര്‍. കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്‍ററിന്‍റെ ഉദ്ഘാടനച്ചടങ്ങിലാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരായ ജി സുധാകരന്‍റെയും കടകംപള്ളി സുരേന്ദ്രന്‍റെയും ഒപ്പം വെള്ളാപ്പള്ളിയുടെ ചിത്രം വച്ചിരിക്കുന്നത്

prp

Related posts

Leave a Reply

*