കൊച്ചി: ഫോണ്‍കെണി കേസില്‍ മുന്‍ മന്ത്രി എ.കെ.ശശീന്ദ്രനെ കുറ്റ വിമുക്തനാക്കിയ കീഴ്ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. കേസ് അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്ന മഹാലക്ഷ്മി തന്നെയാണ് ഹൈക്കോടതിയേയും സമീപിച്ചിരിക്കുന്നത്.
കേസില്‍ സിജെഎം കോടതി കുറ്റവിമുക്തനാക്കിയ ശശീന്ദ്രന്‍ വ്യഴാഴ്ച വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. നേരത്തെ, മഹാലക്ഷ്മി സമര്‍പിച്ച ഹര്‍ജി സിജെഎം കോടതി തള്ളിയിരുന്നു.
ഫോണ്‍കെണി കേസില്‍ ശശീന്ദ്രനെതിരെ പരാതി നല്‍കിയ മാധ്യമ പ്രവര്‍ത്തക പിന്നീട് ഈ പരാതി പിന്‍വലിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പരാതി പിന്‍വലിക്കുന്നത് അംഗീകരിക്കരുതെന്നും ഭീഷണിപ്പെടുത്തിയാണ് പരാതി പിന്‍വലിപ്പിച്ചതെന്നുമായിരുന്നു മഹാലക്ഷ്മി ഉന്നയിച്ച വാദം. എന്നാല്‍ ഈ ഹരജി കീഴ്ക്കോടതി തള്ളുകയും ശശീന്ദ്രനെ കുറ്റവിമുക്തനാക്കുകയും ചെയ്തു. ഇതിനെതിരെയാണ് മഹാലക്ഷ്മി വീണ്ടും രംഗത്തെത്തിയത്.
