എണ്ണക്കപ്പലിനു നേരെയുണ്ടായ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു: പിന്നില്‍ ഇറാനെന്ന് ഇസ്രായേല്‍

മസ്‌ക്കത്ത്: ഒമാന്‍ തീരത്ത് എണ്ണക്കപ്പലിനു നേരെയുണ്ടായ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഒരു ബ്രിട്ടീഷ് പൗരനും ഒരു റൊമേനിയന്‍ പൗരനുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന ആരോപണവുമായി ഇസ്രായേല്‍ രംഗത്ത് എത്തി. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഡിയാക് മാരിടൈം എന്ന കമ്ബനിയുടെ ഉടമസ്ഥതയിലുള്ള എംവി മെര്‍സര്‍ സ്ട്രീറ്റ് എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്.

ഇറാന്‍ എന്നത് ഇസ്രായേലിന്റെ മാത്രം പ്രശ്‌നമല്ലെന്നും സംഭവത്തില്‍ ലോകം നിശബ്ദമായിരിക്കരുതെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. സംഭവത്തില്‍ ഇറാന്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇറാനിലെ ഒരു മാധ്യമത്തോട് പേരു വെളിപ്പെടുത്താത്ത ഇറാനിയന്‍ വൃത്തങ്ങള്‍ ആക്രമണത്തിനു പിന്നില്‍ തങ്ങളാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്റെ പങ്കാളിയായ സിറിയയിലെ എയര്‍പോര്‍ട്ടിലേക്ക് ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് പ്രതികാരമാണെന്നാണ് ഇവര്‍ പറയുന്നത്.

ഇറാനും ഇസ്രായേലും തമ്മില്‍ മേഖലയില്‍ നിരന്തരമായ സംഘട്ടനങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍ ഇത്തവണ വിദേശ പൗരര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ നിലവിലെ ആക്രമണം അന്താരാഷ്ട്ര തലത്തില്‍ വിവാദമാവാനിടയുണ്ട്. അതേസമയം ഈ ആക്രമണം കണ്ടില്ലെന്ന് നടിക്കില്ലെന്ന് ഇസ്രായേല്‍ സൈനിക വൃത്തങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് പൗരന്‍ മരിച്ച സാഹചര്യത്തില്‍ ബ്രിട്ടീഷ് വിദേശ കാര്യമന്ത്രാലയവുമായി ഇസ്രായേല്‍ ചര്‍ച്ച നടത്തി വരികയാണ്. ആക്രമണത്തില്‍ അമേരിക്കയും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

prp

Leave a Reply

*