ചാലക്കുടി: ചാലക്കുടിയിലെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയും സിനിമാതാരവുമായ ഇന്നസെന്റിന് കനത്ത തിരിച്ചടി നല്കി എന്‍.എസ്.എസ്. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്നസെന്റിന് വോട്ട് ചെയ്യില്ലെന്നും, പിന്തുണ തേടി തങ്ങളെ കാണാനായി വരേണ്ട ആവശ്യമില്ലെന്നും മുകുന്ദപുരം താലൂക്ക് യൂണിയന് അറിയിച്ചു.
കഴിഞ്ഞ ദിവസം എസ്.എന്‍.ഡി.പി പിന്തുണ തേടി വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ച ശേഷം ഇന്നസെന്റ് താന്‍ എന്‍.എസ്.എസ്. ആസ്ഥാനത്തു ചെന്നു വോട്ട് തേടില്ലെന്ന് പരസ്യമായി പറഞ്ഞിരുന്നു. ഈ വാക്കുകളാണ് ഇപ്പോള്‍ എന്‍.എസ്എസിന്റെ അപ്രീതിക്ക് കാരണമായിരിക്കുന്നത്.
ശബരിമല വിഷയത്തിലടക്കം സര്‍ക്കാരുമായും സി.പി.ഐ.എമ്മുമായും പരസ്യമായി എതിര്‍പ്പ് അറിയിക്കുമ്പോഴും തെരഞ്ഞെടുപ്പില്‍ സമദൂരം എന്ന പ്രഖ്യാപിത നയവുമായി മുന്നോട്ട് പോകുവാനാണ് എന്‍.എസ്.എസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ചാലക്കുടിയുടെ കാര്യത്തില്‍ ഇന്നസെന്ന്റെ വാക്കുകളാണ് എന്‍.എസ്.എസിനെ പ്രകോപിപ്പിച്ചത്.
എന്‍.എസ്.എസ്. നേതൃത്വത്തെ തള്ളിപ്പറയുന്ന ഇന്നസെന്റിനെ അംഗീകരിക്കുന്ന കീഴ്വഴക്കം തങ്ങള്‍ക്കില്ലെന്നാണ് മുകുന്ദപുരം താലൂക്ക് യൂണിയന് പ്രസിഡന്റ് ഡി. ശങ്കരന്‍കുട്ടി വ്യക്തമാക്കിയിരിക്കുന്നത്.
