കേന്ദ്രസര്‍ക്കാര്‍ 1154 കോടി നല്‍കിയില്ല; സംസ്ഥാനത്ത് തൊഴിലുറപ്പ് വേതനം മുടങ്ങി

തിരുവനന്തപുരം: കേരളത്തില്‍ അഞ്ച് മാസമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ട തൊഴിലാളികള്‍ക്ക് വേതനം നല്‍കാത്തത് ബിജെപിക്കും ഇടതുമുന്നണിക്കും എതിരെ യുഡിഎഫ് പ്രചാരണായുധമാക്കാനൊരുങ്ങുന്നു.

തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്ളത് 54,17,189 പേരാണ്. ഇവരില്‍ 23,78,824 പേര്‍ സജീവമാണ്. പ്രളയബാധിത മേഖലകളിലടക്കം ചില മണ്ഡലങ്ങളില്‍ ഇവര്‍ നിര്‍ണായക വോട്ട് ബാങ്കാണ്.കഴിഞ്ഞ നവംബര്‍ മുതലുള്ള വേതനമാണ് മുടങ്ങിയത്. ഈ കാലയളവിലെ വേതനത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കേണ്ട 1154കോടി രൂപ കുടിശികയാണ്.

കേന്ദ്ര ഗ്രാമവികസന മന്ത്രാലയമാണ് തുക നല്‍കേണ്ടത്. കൂടാതെ ഭരണച്ചെലവിനുള്ള 86.87 കോടിയും കുടിശികയാണ്. കേന്ദ്രം കുടിശിക നല്‍കാത്തതിന് ബിജെപിക്കെതിരെയും ഈ തുക ചോദിച്ചു വാങ്ങിയില്ലെന്നാണ് ഇടതുമുന്നണിക്കും സര്‍ക്കാരിനുതിരെയുള്ള യുഡിഎഫിന്‍റെ ആക്ഷേപം

തൊഴിലുറപ്പ് പദ്ധതിയുടെ കുടിശിക ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ പണം അനുവദിക്കാനിടയില്ലെന്നാണ് കണക്കുകൂട്ടല്‍. നവംബര്‍ മുതല്‍ കുടിശികയായിട്ടും കേന്ദ്രത്തോട് ചോദിച്ചു വാങ്ങാന്‍ ശ്രമിച്ചില്ലെന്നാരോപിച്ചാണ് സര്‍ക്കാരിനെയും ഇടതുമുന്നണിയെയും യുഡിഎഫ് പ്രതിക്കൂട്ടിലാക്കുന്നത്.

തൊഴിലാളികള്‍ക്ക് വേതനമില്ലാതായത് പദ്ധതി നടത്തിപ്പിനെയും ബാധിച്ചു. പ്രളയം കണക്കിലെടുത്ത് കേരളത്തിന്‍റെ അപേക്ഷ പ്രകാരം 50 തൊഴില്‍ ദിനങ്ങള്‍ അധികം അനുവദിച്ചിരുന്നു. ഇതുപ്രകാരം 150 തൊഴില്‍ ദിനങ്ങളുണ്ട് ഇപ്പോള്‍. വേതനം മുടങ്ങിയതില്‍ തൊഴിലാളികള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്.

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നുവെന്ന പ്രചരണം ബിജെപിക്കെതിരായ ശക്തമായ ആയുധമാക്കാന്‍ ഇടതുപക്ഷവും തയ്യാറെടുക്കുകയാണ്. തൊഴിലുറപ്പ് രംഗത്തെ ഏറ്റവും വലിയ യൂണിയന്‍ സിഐടിയുവിന്‍റെതായതിനാല്‍ അവര്‍ക്ക് ഇത് ശക്തമായ ആയുധമാണ്. തൊഴില്‍ ദിനങ്ങള്‍ 150 ആയി വര്‍ദ്ധിപ്പിച്ചത് ഇടതുസര്‍ക്കാരിന്‍റെ നേട്ടമായും ഉയര്‍ത്തിക്കാട്ടും.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഈ മാസം പത്തിന് ഇതേ ആവശ്യമുന്നയിച്ച്‌ പ്രധാനമന്ത്രിക്ക് കത്തയച്ചത് യുഡിഎഫ് ഉയര്‍ത്തിക്കാട്ടുന്നു. പ്രതിപക്ഷം പത്ത് ദിവസം മുമ്ബേ ഇടപെട്ടിട്ടും സര്‍ക്കാര്‍ ഇപ്പോഴാണ് ഇടപെടുന്നത് എന്നാണാക്ഷേപം.

prp

Related posts

Leave a Reply

*