തിരുവനന്തപുരം: ശുഹൈബ് വധവും മധുവിന്‍റെ കൊലപാതകവും ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബഹളം വെച്ചതോടെ മാധ്യമപ്രവര്‍ത്തകരെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. പിന്നീട് ഗ്യാലറിയില്‍ നിന്ന് പുറത്താക്കി.
ബഹളത്തിനിടെ ചോദ്യോത്തരവേള തുടരാന്‍ സ്പീക്കര്‍ നിര്‍ദേശിച്ചെങ്കിലും അധികം നീണ്ടുനിന്നില്ല. സഭ ആരംഭിച്ചതോടെ തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കുകയായിരുന്നു.
ശുഹൈബ് വധക്കേസില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നും ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിന്‍റെ മരണത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നുമാണ് ഇവരുടെ ആവശ്യം. സഭ സമ്മേളിച്ചപ്പോള്‍ ശുഹൈബിന്‍റെ ചിത്രങ്ങളുള്ള പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം.
സമ്മേളനത്തിന്‍റെ ആദ്യ ദിവസമായ ഇന്ന് മുഖ്യമന്ത്രി മറുപടി പറയാന്‍ എഴുന്നേറ്റയുടനാണ് ബഹളം രൂക്ഷമായത്. പിന്നീട് ആരോഗ്യമന്ത്രി കെകെ ശൈലജയും എഴുന്നേറ്റെങ്കിലും മറുപടി പറയാനായില്ല. അംഗങ്ങളോട് ശാന്തരാകാന്‍ സ്പീക്കര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും പ്രതിപക്ഷം ശാന്താരയില്ല.
സ്പീക്കറുടെ ഇരിപ്പിടത്തിന് മുന്നില്‍ കൂട്ടമായി നിന്ന് പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുകയാണ്. ഇത് സഭയുടെ മര്യാദ ലംഘനമാണെന്നും ലോകം മുഴുവന്‍ ഇത് കാണുന്നുണ്ടെന്നും സ്പീക്കര്‍ പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.

