കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം തകര്‍ച്ചയിലെന്ന് റിപ്പോര്‍ട്ട്. മുന്‍പുണ്ടായിരുന്ന യാത്രക്കാരില്‍ ഗണ്യമായ രീതിയില്‍ കുറവുവന്നതായും യാത്രക്കാര്‍ മറ്റു വിമാനത്താവളങ്ങള്‍ ആശ്രയിക്കുന്നതായുമാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ വിമാനത്താവളത്തില്‍ പരിശോധനയ്ക്കും മറ്റും വലിയ ക്യൂ ആയിരുന്നെങ്കില്‍ ഇപ്പോള്‍ അപൂര്‍വം സമയങ്ങളില്‍ മാത്രമാണ് തിരക്കുണ്ടാകുന്നത്.
വിമാനത്താവള ഉദ്യോഗസ്ഥരുടെ പിടിച്ചുപറിയും മോശം പെരുമാറ്റവും യാത്രക്കാരെ ഒരു പരിധിവരെ കരിപ്പൂരില്‍ നിന്നും അകറ്റുന്നുണ്ട്. റണ്‍വേ അറ്റകുറ്റപ്പണിയുടെ പേരില്‍ ഏറെനാള്‍ വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനുശേഷമാണ് വിമാനത്താവളം ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ കുറവുവന്നതെന്നാണ് സൂചന.
ഉത്തരമലബാറിലെ പ്രവാസികളാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെ ഭൂരിപക്ഷം യാത്രക്കാരും. ഇവരില്‍ വലിയൊരു വിഭാഗം മംഗളുരു വിമാനത്താവളം വഴിയുള്ള യാത്രയിലേക്കു മാറിക്കഴിഞ്ഞു. കണ്ണൂര്‍ വിമാനത്താവളം ഈ വര്‍ഷം പകുതിയോടെ യാത്രാ സന്നദ്ധമാകുന്നതോടെ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പ്രാധാന്യം തന്നെ നഷ്ടപ്പെട്ടേക്കാമെന്ന ആശങ്കയും നിലവിലുണ്ട്.

