നിലമ്ബൂര്‍-നഞ്ചന്‍കോട് റെയില്‍വേ‍ ലൈന്‍ അട്ടിമറിച്ചു; സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ. ശ്രീധരന്‍

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്‍ നിലമ്ബൂര്‍-നഞ്ചന്‍കോട് റെയില്‍വേ പാതയുടെ മുഴുവന്‍ വസ്തുതകളും കര്‍ണാടകത്തിന് മുന്നില്‍ വയ്ക്കാതെ കേരള സര്‍ക്കാര്‍ ബോധപൂര്‍വം ഈ ലൈന്‍ അട്ടിമറിക്കുകയായിരുന്നുവെന്ന് മെട്രോമാന്‍ ഇ.

ശ്രീധരന്‍. ഇത് മഖ്യമന്ത്രിയുടെ ‘പ്രിയപ്പെട്ട’ തലശ്ശേരി-മൈസൂര്‍ പദ്ധതിക്ക് വേണ്ടിയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ഇന്നലെ ബെംഗളൂരുവില്‍ മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും നടത്തിയ യോഗത്തിന് ശേഷം നിലമ്ബൂര്‍-നഞ്ചന്‍കോട് റെയില്‍വേ പാത കടന്നുപോകുന്നത് സെന്‍സിറ്റീവ് വന്യജീവി സങ്കേതത്തിലൂടെയായതിനാല്‍ അംഗീകരിക്കാനാവില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി പ്രസ്താവനയിറക്കിയിരുന്നു. എന്നാല്‍ ഈ പാതയ്ക്ക് റെയില്‍വേ മന്ത്രാലയം അനുമതി നല്‍കുകയും 2013 ലെ റെയില്‍വേ ബജറ്റില്‍ അന്തിമ ലൊക്കേഷന്‍ സര്‍വേ നടത്തുകയും ചെയ്തതാണെന്ന് ശ്രീധരന്‍ പ്രസ്താവനയില്‍ വിശദീകരിക്കുന്നു.

അന്തിമ ലൊക്കേഷന്‍ സര്‍വേയ്ക്ക് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ഡിഎംആര്‍സിയെ ഏല്‍പ്പിച്ച്‌, ആറ് കോടി രൂപ അനുവദിച്ചു. ആദ്യ ഗഡുവായി ഡിഎംആര്‍സിക്ക് കൈമാറുന്നതിനായി ട്രഷറിയിലേക്ക് രണ്ട് കോടി രൂപ നിക്ഷേപിച്ചു. എന്നാല്‍ 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ ഡിഎംആര്‍സിയുടെ സര്‍വേ തടയുകയും നേരത്തേ നീക്കിവച്ച പണം ട്രഷറിയില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു.

കര്‍ണാടക ചീഫ് കണ്‍സര്‍വേറ്റര്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നിവരുമായി വിശദ ചര്‍ച്ച നടത്തിയിരുന്നു. വന്യജീവി സങ്കേതത്തിന് താഴെയുള്ള ഭൂഗര്‍ഭ തുരങ്കത്തിലൂടെ റെയില്‍വേ പോകുന്നെങ്കില്‍ പ്രവൃത്തിയുമായി മുന്നോട്ട് പോകാന്‍ അന്ന് അനുമതി തന്നതാണ്. ചീഫ് സെക്രട്ടറിയെയും മുഖ്യമന്ത്രി സിദ്ധരാമയ്യയും പദ്ധതിക്ക് സമ്മതിച്ചിരുന്നു. ഈ പദ്ധതിക്ക് കര്‍ണാടക സര്‍ക്കാരോ മുഖ്യമന്ത്രിയോ അദ്ദേഹത്തോടൊപ്പമുള്ള ഉദ്യോഗസ്ഥരോ എതിര് നില്‍ക്കും എന്ന് ഞാന്‍ കരുതുന്നില്ല, ശ്രീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ട തലശ്ശേരി-മൈസൂര്‍ ലൈനിനുവേണ്ടി കേരള സര്‍ക്കാര്‍ വീണ്ടും ഈ പദ്ധതി അട്ടിമറിക്കുകയാണ്. കേരളത്തിന് തലശ്ശേരി-മൈസൂര്‍ പ്രയോജനപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

prp

Leave a Reply

*