ഹെെദരാബാദ്: ത്രിദിന ഇന്ത്യന്‍ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഹെെദരാബാദില്‍ എത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍റെ മകളും ഉപദേഷ്ടാവുമായ ഇവാന്‍ക ട്രംപിന് ഹെെദരാബാദിലെ ഫലാക്നുമ കൊട്ടാരത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അത്താഴ വിരുന്ന് ഒരുക്കും. ഗ്ലോബല്‍ എന്‍റര്‍പ്രെനര്‍ഷിപ്പ് സമ്മിറ്റിന്‍റെ ഭാഗമായി ഹെെദരാബാദില്‍ എത്തുന്ന ഇവാന്‍കയ്ക്ക് നവംബര്‍ 28നാണ് അത്താഴ വിരുന്ന് ഒരുക്കുന്നത്.
ഹൈദരാബാദ് നൈസാമിന്റെ ഫലക്നുമാ കൊട്ടാരത്തിലെ ഉൗണുമുറി ലോകത്തിലെ ഏറ്റവും വലിയ ഭക്ഷണമുറിയെന്ന വിശേഷണം നേടിയതാണ്. 100 അതിഥികളെ ഉള്‍ക്കൊള്ളാവുന്ന 108 അടി നീളമുള്ള തീന്‍മേശയാണ് ഭക്ഷണമുറിയിലുള്ളത്. ഹൈദരാബാദി ബിരിയാണി ഉള്‍പ്പെടെയുള്ള റോയല്‍ മെനുവും ഇന്ത്യയിലെ വിവിധഭാഗങ്ങളില്‍നിന്നുള്ള ഭക്ഷണങ്ങളും അത്താഴവിരുന്നിന് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രണ്ട് രീതിയിലുള്ള അത്താഴ വിരുന്നാണ് പാലസില്‍ തീരുമാനിച്ചിരിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട അതിഥികള്‍ക്ക് 101-ാം മുറിയിലും മറ്റുള്ളവര്‍ക്ക് അതേ വിഭവങ്ങള്‍ തന്നെ പുറത്ത് നിന്നും ലഭിക്കും. അത്താഴവിരുന്ന് കൂടാതെ ഇന്ത്യന്‍ സംസ്കാരിക പെെതൃകം വ്യക്തമാക്കുന്ന കലാപരിപാടികളും കൊട്ടാരത്തില്‍ അരങ്ങേറും. ഇവാന്‍കയെ കൂടാതെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള നൂറോളം പ്രതിനിധികളും ഇന്ത്യയിലെത്തും.


