മുംബൈ: സ്കോര്‍പീന്‍ ക്ലാസിലെ ആദ്യത്തെ ഇന്ത്യന്‍ മുങ്ങിക്കപ്പല്‍ ‘ഐഎന്‍എസ് കല്‍വരി’ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിനു സമര്‍പ്പിച്ചു. ദക്ഷിണ മുംബൈയിലെ മസ്ഗാവ് ഡോക്കില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഐഎന്‍എസ് കല്‍വരിയുടെ നിര്‍മാണത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും ഇന്ത്യക്കു സഹായം നല്‍കിയ ഫ്രാന്‍സിനുംപ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങില്‍ നന്ദി പറഞ്ഞു. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള വളരുന്ന ബന്ധത്തിന്‍റെ തെളിവാണിതെന്നും മോദി പറഞ്ഞു. കടല്‍വഴിയുള്ള ഭീകരവാദമോ, കടല്‍ക്കൊള്ളയോ കള്ളക്കടത്തോ ഏതുമാകട്ടെ, ഇത്തരം ഭീഷണികളെ നേരിടുന്നതില്‍ ഇന്ത്യ നിര്‍ണായകമായ പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഫ്രാന്‍സിന്‍റെ സഹായത്തോടെ നിര്‍മിക്കുന്ന ആറ് സ്കോര്‍പീന്‍ ക്ലാസ് മുങ്ങിക്കപ്പലുകളില്‍ ആദ്യത്തേതാണ് കല്‍വരി. ഡീസല്‍ ഇലക്‌ട്രിക് എഞ്ചിന്‍ കരുത്തുള്ള കല്‍വരി, മസ് ഗാവ് ഡോക്കിലാണു നിര്‍മിച്ചത്. നാലു മാസം കടലില്‍ പരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷമാണു കമ്മിഷന്‍ ചെയ്യുന്നത്. 2005ല്‍ മുങ്ങിക്കപ്പല്‍ നിര്‍മാണത്തിനു ഫ്രാന്‍സുമായി ഇന്ത്യ ഒപ്പിട്ട കരാര്‍ പ്രകാരം 2012 ഡിസംബറിലാണ് ആദ്യ മുങ്ങിക്കപ്പല്‍ പൂര്‍ത്തിയാകേണ്ടിയിരുന്നത്. പിന്നീടുള്ള ഓരോ വര്‍ഷവും ഓരോന്നു വീതം പുറത്തിറക്കാനായിരുന്നു പദ്ധതി. എന്നാല്‍, പദ്ധതി ഇടക്കാലത്തു വൈകി.
ഇന്ത്യന്‍ നാവികസേനയുടെ ആദ്യ മുങ്ങിക്കപ്പലിന്‍റെ പേരാണ് കല്‍വരി. 1967ല്‍ റഷ്യയില്‍ നിന്നു വാങ്ങിയ ഇത് 1996 വരെ സേനയ്ക്ക് ഒപ്പമുണ്ടായിരുന്നു.

